29 March, 2020 07:45:21 PM
കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വ്യാജ വാറ്റ്; ചാരായവും നാടന്‍തോക്കും പിടികൂടി
കുമളി: കോവിഡ്-19ന്റെ പശ്‌ചാത്തലത്തില്‍ മദ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്നു സ്വകാര്യ റിസോര്‍ട്ടില്‍ ചാരായം വാറ്റ്. രണ്ട് ലിറ്റര്‍ ചാരായവും 2000 ലിറ്റര്‍ കോടയും നാടന്‍തോക്കും തിരകളും എക്‌സൈസ് പിടികൂടി. കുമളി ആറാംമൈലിന് സമീപം വലിയപാറ പാണ്ടിക്കുഴി ബാംബൂ നെസ്‌റ്റ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടില്‍നിന്നാണു കോടയും ചാരായവും പിടികൂടിയത്. റിസോര്‍ട്ടിന്റെ ചുമതലക്കാരനും സമീപവാസിയുമായ ഇല്ലിമൂട്ടില്‍ ജിനദേവന്‍(40) അറസ്‌റ്റിലായി.
എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘവും ചേര്‍ന്നാണു വാറ്റ് കേന്ദ്രം കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് ചാരായം വിളമ്പുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്‌സൈസ് റിസോര്‍ട്ട് നിരീക്ഷിച്ചു വരികയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ ബാലന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.പ്രമോദ്, പി.ഡി.സേവ്യര്‍, ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ബി.രാജ്‌കുമാര്‍, ടി.എ അനീഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു