25 March, 2020 08:01:51 PM
കോവിഡ് 19: കൊല്ലം ജില്ലയില്‍ 14,120 പേര്‍ നിരീക്ഷണത്തില്‍; പരിശോധനാഫലങ്ങള്‍ നെഗറ്റീവ്
79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു; ജില്ലയില്‍ 62 കൊറോണ കെയര്‍ സെന്‍ററുകള്‍
കൊല്ലം: ജില്ലയില്‍ ഇന്ന് പുതിയതായി പ്രവേശിച്ച 1,979 പേരുള്‍പ്പെടെ 14,114 പേര്‍ ഗൃഹനിരീക്ഷണത്തില്‍. ആശുപത്രി ഐ പി യില്‍ ആറ് പേരുണ്ട്. അഡ്മിഷനും ഡിസ്ചാര്‍ജും ഇല്ല. 496 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 101 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. 395 പേരുടെ റിസല്‍ട്ട് വന്നതില്‍ ജില്ലയില്‍ എല്ലാം നെഗറ്റീവ് ആണ്. ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധന ഫലം കണ്ടു. ഒരാളും വിട്ടു പോകാതെയുള്ള സൂക്ഷ്മപരിശോധനയില്‍ 79 വിദേശീയരെയാണ് കണ്ടെത്തി.
കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ വിദേശീയരില്‍ പലരും വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ വലയത്തില്‍പ്പെടാതെ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഹൈ റിസ്‌ക് രാജ്യങ്ങളില്‍പ്പെടുന്നതിനാല്‍ ഇവരുടെ സാമ്പിള്‍ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു. ജില്ലയിലെ വിവിധ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ആറു താമസസ്ഥലങ്ങളിലായി കണ്ടെത്തിയ വിദേശീയരുടെ കണക്ക് - ഫ്രാന്‍സ് (33), സ്‌പെയിന്‍ (13), സ്വീഡന്‍ (രണ്ട്), സ്വിറ്റ്‌സര്‍ലന്‍റ് (രണ്ട്), യുണൈറ്റഡ് കിങ്ഡം (അഞ്ച്), യു എസ് എ (ഏഴ്), ബ്രസീല്‍ (രണ്ട്), കാനഡ (ഒന്ന്), ചിലി (ഒന്ന്), കോസ്റ്റാറിക്ക (ഒന്ന്), ചെക്ക് റിപബ്ലിക് (ഒന്ന്), ഫിന്‍ലന്‍റ് (രണ്ട്), ജര്‍മ്മനി (ആറ്), ഇറ്റലി (ഒന്ന്), റഷ്യ (ഒന്ന്), പോര്‍ട്ടുഗല്‍ (ഒന്ന്).
കോവിഡ് 19 അടിയന്തിര സാഹചര്യം പരിഗണിച്ച് 62 കൊറോണ കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മൂന്നെണ്ണം പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 28 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കും. ഇവര്‍ 28 ദിവസവും മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസവും നിരീക്ഷണത്തില്‍ തുടരണം.
അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി വ്യക്തമാക്കി. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.