21 March, 2020 03:04:58 PM
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനമില്ല; പൂജകള്‍ നടക്കും
ഏറ്റുമാനൂര്‍: കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ ഭക്തർക്ക് പ്രവേശനമനുവദിക്കില്ല. ആള്‍കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ശനിപ്രദോഷമായ ഇന്ന് തന്നെ വിലക്ക് ബാധകമാക്കിയത്. പ്രദോഷദിവസങ്ങളില്‍ ഭക്തജനതിരക്ക് പതിവിലും കൂടുതല്‍ അനുഭവപ്പെടുക സാധാരണമാണ്. ഭക്തര്‍ പ്രവേശിക്കാതിരിക്കാന്‍ ക്ഷേത്രഗോപുരം അടച്ചിടും. എന്നാല്‍ പൂജകൾ പതിവ് പോലെ നടക്കും. കൃഷ്ണന്‍കോവിലിലും ഭക്തര്‍ക്ക് വിലക്കുണ്ട്. തല്‍ക്കാലം ഈ നില മാര്‍ച്ച് 31 വരെ തുടരുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഭക്തരെ കയറ്റുകയും ആള്‍കൂട്ടത്തിനിടയില്‍ ഗുരുതി പൂജ നടത്തുകയും ചെയ്ത മുണ്ടക്കയം വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ് വള്ളിയാങ്കാവ് ക്ഷേത്രവും. ശബരിമല, ഗുരുവായൂര്‍, മൂകാംബിക തുടങ്ങി പ്രമുഖക്ഷേത്രങ്ങളിലെല്ലാം ഭക്തര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.