13 March, 2020 10:15:31 PM


270 ശിഷ്യർക്ക് ബ്രഹ്മചര്യ - സന്യാസദീക്ഷകൾ നൽകി മാതാ അമൃതാനന്ദമയിദേവി



കൊല്ലം: മാതാ അമൃതാനന്ദമയി മഠം 270 ശിഷ്യർക്ക് ദീക്ഷ നൽകി. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യർക്ക് സന്ന്യാസദീക്ഷയും സേവക - സേവികമാർക്ക് ബ്രഹ്മചാര്യദീക്ഷയുമാണ് നൽകിയത്. അമൃതപുരിയിലെ മഠത്തിന്‍റെ ആസ്ഥാനത്ത് വൈദിക ചടങ്ങുകളോടെയാണ് ബ്രഹ്മചര്യസന്യാസദീക്ഷകൾ നടന്നത്. ദീക്ഷാ ചടങ്ങുകൾക്ക് മുതിർന്ന സന്ന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നൽകി. ശിഷ്യർക്ക് പുതിയ ദീക്ഷാനാമങ്ങൾ അമ്മ നൽകി.


200ൽ അധികം പേർക്ക് ബ്രഹ്മചര്യദീക്ഷയും, അൻപതിലധികം പേർക്ക് സന്യാസ ദീക്ഷയും നൽകി. വർഷങ്ങൾ നീണ്ട ആധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നൽകുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം, വിവിധ ഭാരതീയ ദർശനങ്ങളിലും ശാസ്ത്രങ്ങളും അവഗാഹം നേടിയത്തിനു ശേഷമാണ് ദീക്ഷ നൽകുന്നത്. ഭാരതീയരും, വിദേശികളുമായ ബ്രഹ്മചാരിബ്രഹ്മചാരിണി ശിഷ്യർക്ക് ദീക്ഷ ലഭിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ദീക്ഷാ ചടങ്ങുകൾ നടക്കുന്നത്.

 
ആദി  ശങ്കരാചാര്യരാൽ സ്ഥാപിതമായ ദശനാമി സമ്പ്രദായത്തിൽ, 'പുരി' പരമ്പരയുടെ ഭാഗമാണ് മാതാ അമൃതാനന്ദമയി മഠം. 1989 ൽ സന്യാസദീക്ഷ ലഭിച്ച സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് അമ്മയുടെ പ്രഥമ സന്യാസി ശിഷ്യൻ. തുടർന്ന് ഭാരതീയരും, വിദേശികളുമടങ്ങുന്ന ശിഷ്യർക്ക് സന്യാസ ദീക്ഷ ലഭിച്ചു. സന്യാസിസന്യാസിനിമാർ കാവി വസ്ത്രമാണ് ധരിക്കുക, ത്യാഗത്തിന്‍റെ പ്രതീകമായ അഗ്നിയെയാണ് കാവിവസ്ത്രം പ്രതിനിധാനം ചെയ്യുന്നത്. സന്യാസിമാരെക്കൂടാതെ 'ചൈതന്യ' എന്നവസാനിക്കുന്ന ദീക്ഷാനാമത്തോടെ ബ്രഹ്മചാരി, ബ്രഹ്മചാരിണികൾക്കും അമ്മ ദീക്ഷ നൽകിയിട്ടുണ്ട്. ഇവർ മഞ്ഞവസ്ത്രമാണ് ധരിക്കുക.

 
സന്യാസ ദീക്ഷയ്ക്ക് മുന്നോടിയായി തന്റെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി, ബന്ധുജനങ്ങൾക്കും, വേണ്ടപ്പെട്ടവർക്കും, ഒടുവിൽ തനിക്കുവേണ്ടി തർപ്പണം മുതലായ മരണാന്തരകർമ്മങ്ങൾ ചെയ്യുന്നു. പിന്നീട് വിരാജാഹോമം ചെയ്ത് ബ്രഹ്മചര്യത്തിന്റെ ചിഹ്നങ്ങളായ ശിഖ(കുടുമ), യജ്ഞോപവീതം(പൂണൂൽ) മുതലായവയൊക്കെ ഉപേക്ഷിച്ച് സന്യാസ ദീക്ഷ സ്വീകരിച്ച് കാഷായവസ്ത്രം ധരിക്കുന്നു. അതോടെ മഹാ ഋഷിമാരുടെ കണ്ണിയറ്റാത്ത പരമ്പരയുടെ ഭാഗമായിതത്തീരുന്നു. "ആത്മനോ മോക്ഷാർത്ഥം "എന്ന വൈദികദർശനം അനുസരിച്ച് ആത്മാവിന്റെ മോക്ഷത്തിനും, ലോകത്തിന്റെ മുഴുവൻ നന്മയ്ക്കും വേണ്ടി ശിഷ്ടകാലം ഉപയോഗപ്പെടുത്തുന്നു.
 
കോവിഡ് 19 (കൊറോണ വയറസ്) ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെയും, ലോകാരോഗ്യ സംഘടനയുടെയും പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ, പൊതുജനാരോഗ്യത്തെ മുൻനിർത്തി സന്ദർശകനിയന്ത്രണം തുടരാൻ ആശ്രമം നിർബന്ധിതമായിരിക്കുകയാണ്. അതുകൊണ്ടു പൊതുപരിപാടിയായല്ല ആശ്രമ അന്തേവാസികൾക്ക്  മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് ദീക്ഷാ ചടങ്ങുകൾ ക്രമീകരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K