09 March, 2020 10:26:16 PM
മാസ്കിന് കൊള്ളവിലയും പൂഴ്ത്തിവെയ്പും : കുളത്തുപ്പുഴയില്‍ സംഘര്‍ഷം
- സജീഷ് വടമണ്‍
കൊട്ടാരക്കര: സംസ്ഥാനം കൊറോണ ഭീതിയില്‍ മുന്‍ കരുതലുകളും ജാഗ്രതയുമായി മുന്നോട്ടു പോകുമ്പോഴാണ് നനഞ്ഞയിടം കുഴിക്കുന്ന നില്പാടുപായാണ് ഒരു വിഭാഗം മെഡിക്കല്‍ സ്റ്റോറുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ആവശ്യക്കാര്‍ ഏറെയുള്ളത് മാസ്കിനാണ്. എന്നാല്‍ ഇന്നലെവരെ കേവലം അഞ്ചും പരമാവധി ഏഴും രൂപ ഈടാക്കിയിരുന്ന മാസ്ക്കുകള്‍ക്ക് ഇന്ന് വില ഇരട്ടിയല്ല. ഇരട്ടിയുടെയും ഇരട്ടിയാണ് എന്ന് പറയേണ്ടി വരും.
അഞ്ചു രൂപക്ക് നല്‍കിവന്ന മാസ്കിനു ഇന്ന് കുളത്തുപ്പുഴയിലെ ഒരു മെഡിക്കല്‍ സ്റ്റോര്‍ വാങ്ങിയത് 50 രൂപയാണ്. മാസ്ക് കിട്ടാനില്ല എന്ന വാദമാണ് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നവര്‍ക്കുള്ളത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവച്ചു. വിവരം അറിഞ്ഞ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ ഉടന്‍ തന്നെ മാസ്ക് വില്പന നിര്‍ത്തിവച്ചു. ആവശ്യമെങ്കില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്താം എന്നും അതിനും ചാര്‍ജ് മാസ്ക് ഒന്നിന് 50 രൂപയാണ് എന്നും ഇവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ പൊതു പ്രവര്‍ത്തകര്‍ എത്തുകയും അമിത വില ഈടാക്കാന്‍ പാടില്ലാന്നു ആവശ്യപ്പെടുകയും ചെയ്തു. ഇത് മെഡിക്കല്‍ സ്റ്റോര്‍ ഉടമയും നാട്ടുകാരും തമ്മില്‍ ചെറിയ സംഘര്‍ഷത്തിന് കാരണമായി. അമിത വില ഈടാക്കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ജില്ല ഭരണകൂടം എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ജില്ലയിലെ കിഴക്കന്‍ മേഖലയിലടക്കം മാസ്ക്കുകള്‍ അമിത വില ഈടാക്കാന്‍ പൂഴ്ത്തി വയ്ക്കുകയാണ് എന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്ന സൂചനയും അധികൃതര്‍ നല്‍കി.