09 March, 2020 05:10:33 PM


കൊറോണ: കുര്‍ബാന നാവില്‍ നല്‍കില്ല; കുരിശ് ചുംബനമൊഴിവാക്കണം - കെ.സി.ബി.സി സര്‍ക്കുലര്‍

.



കൊച്ചി: കൊവിഡ്-19 കേരളത്തില്‍ വീണ്ടും പ്രകടമായ സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). കുര്‍ബാനയിലും മറ്റ് ആരാധന രീതികളിലും ചില നിര്‍ദേശങ്ങള്‍ നല്‍കി മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ പാലിക്കാനാണ് കെ.സി.ബി.സി നിര്‍ദേശിച്ചിരിക്കുന്നത്.


കുര്‍ബാന മധ്യേ വിശ്വാസികള്‍ പരസ്പരം സമാധാനം ആശംസിക്കുന്നതിനായി കൈകളില്‍ ചേര്‍ത്ത് പിടിക്കേണ്ടതില്ല, കൈകള്‍ കൂപ്പി സമാധാനം ആശംസിക്കാം. വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കുന്നതിനു പകരം കൈകളില്‍ നല്‍കുക, ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും നിബന്ധന വച്ചിട്ടുണ്ട്.


ദുഃഖവെള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ക്രൂശിതരൂപം ചുംബിക്കുന്ന പതിവുണ്ട്. പകരം വിശ്വാസികളെ കുരിശ് ഉയര്‍ത്തി ആശീര്‍വദിച്ചാല്‍ മതി. ഇനി കുരിശുരൂപത്തിന് അടുത്തെത്തി വണങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ നിരയായി വന്ന് കുരിശുരൂപത്തിന് സമീപം നിന്ന് കുമ്പിട്ട ശേഷം മടങ്ങണം. വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ക്ക് നല്‍കുന്നതിനു മുന്‍പ് വൈദികന്‍/സഹശുശ്രൂഷകള്‍ കൈകള്‍ കഴുകി ശുദ്ധമാക്കണം. പള്ളികളില്‍ വച്ചിരിക്കുന്ന ഹന്നാന്‍ വെള്ളം നീക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


ഇതെല്ലാം താത്ക്കാലിക ക്രമീകരണങ്ങളാണെന്നും സമയബന്ധിതമായി അവ പുനപരിശോധിക്കുമെന്നും കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കിയിരുന്നു. ഈസ്റ്റര്‍ വരെ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. ഇടവകയിലെ ഏതെങ്കിലൂം ഒരംഗത്തിന് കൊറോണ ബാധിച്ചതായി കണ്ടെത്തിയാല്‍ പള്ളിയിലെ എല്ലാവിധ യോഗങ്ങളും നിര്‍ത്തിവയ്ക്കണം. വൈദികര്‍ക്കും സ്ഥാപനമേധാവികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് കര്‍ദിനാള്‍ ഗ്രേഷ്യസ് ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കേരളത്തിലും പാലിക്കാനാണ് കെ.സി.ബി.സി നിര്‍ദേശം.


രോഗം ബാധിച്ചവരേയും നിരീക്ഷണത്തിലായിരിക്കുന്നവരേയും ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും കൂടുംബങ്ങളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും ഇടവക സന്യാസ ഭവനങ്ങളിലും കൊറോണ വൈറസ് ബാധയില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥന ചൊല്ലണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് ഡോ. വര്‍ംീസ് ചക്കാലയ്ക്കല്‍, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K