08 March, 2020 06:01:02 PM
ജനങ്ങള്‍ ആശങ്കയില്‍: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ക്കും നിയന്ത്രണം
രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം
തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് അഞ്ചു പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കുമെന്നും പൊലീസ് മുന്നറിയിപ്പ്. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. - പോസ്റ്റില്‍ വ്യക്താക്കുന്നു. ഇക്കുറി വിദേശികളുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.
ഇറ്റലി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തിനും, ഇവര്‍ പോയ ബന്ധുവീട്ടിലെ രണ്ടുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.ഫെബ്രുവരി 29 നാണ് കുടുംബം നാട്ടിലെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 126 നമ്ബര്‍ (വെനീസ് ദോഹ) വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്ബര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നുവെന്ന് മന്ത്രി ശൈലജ പറഞ്ഞു.
ഈ വിമാനങ്ങളുടെ നമ്പര്‍ അടക്കം രേഖപ്പെടുത്തി മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടു. ഈ വിമാനങ്ങളില്‍ ഈ തീയതികളില്‍ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അടുത്തുള്ള മെഡിക്കല്‍ ഓഫീസറേയോ ദിശയുടെ നമ്ബറിലേക്കോ ബന്ധപ്പെടേണ്ടതാണ് എന്ന് കുറിപ്പില്‍ മന്ത്രി ആവശ്യപ്പെട്ടു.