08 March, 2020 05:33:29 PM


ആറ്റുകാലില്‍ ഇക്കുറിയും ഭക്തര്‍ക്ക് അന്നദാനം നടത്തി സുരേഷ് ഗോപിയും രാധികയും



തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി നടന്‍ സുരേഷ് ഗോപി എംപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച്‌ സന്നിധിയില്‍ ഭക്ഷണം വിളമ്ബാന്‍ നിരവധിപേരെത്താറുണ്ട്. അക്കൂട്ടത്തിലാണ് നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയുമെത്തിയത്. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്. ഇത്തവണ പൊങ്കാലയ്ക്കായി നാല്‍പ്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കുംഭപൗര്‍ണമി ദിനമായ നാളെ രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. നാളെ രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K