06 March, 2020 10:17:19 AM
കുട്ടിയെ എത്തിച്ചാല്‍ പണം തരാമെന്ന് ഡോക്ടര്‍; നാടോടി സ്ത്രീയുടെ വെളിപ്പെടുത്തല്‍
കൊല്ലം: കുട്ടിയെ എത്തിച്ചാല്‍ പണം തരാമെന്ന് തന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ട ഡോക്ടര്‍ പറഞ്ഞതായി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ നാടോടി സ്ത്രീയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് നാടോടി സ്ത്രീ പൊലീസിന് ഏറെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തെങ്കാശി സ്വദേശിയായ ഷൺമുഖൻ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്‌എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടിച്ച് പോലീസിന് കൈമാറിയ നാടോടി സ്ത്രീയാണ് സംശയത്തിന്‍റെ നിഴലില്‍ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. 60 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീ തമിഴും മലയാളവും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവര്‍ തന്‍റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു.
രാവിലെ ഒന്‍പത് മണിയോടെ ജാസ്മിന്‍റെ പിന്നാലെ നടന്നെത്തിയ സ്ത്രീ കൈയില്‍ പിടിക്കുകയും 'എന്‍റെ കൂടെ വാ മോളെ, നമുക്കു പോകാം' എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പറഞ്ഞു. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. അതിനിടെ കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.