05 March, 2020 03:50:57 PM
സ്കൂളിലേക്ക് പോയ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ അറസ്റ്റിൽ
![](http://www.kairalynews.com/uploads/page_content_images/kairaly_news_15835084870.jpeg)
കൊല്ലം: കരുനാഗപ്പള്ളിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രാവിലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുവലിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് വിവരം. തുടർന്ന് കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും നാട്ടുകാർ ചേർന്ന് നാടോടി സ്ത്രീയെ പിടികൂടുകയും ചെയ്തു. നടന്നുപോകുമ്പോൾ തന്റെ കൈയിൽപിടിച്ച് കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. തെങ്കാശി സ്വദേശിയായ ഷൺമുഖൻ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു. മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.