05 March, 2020 01:43:58 PM
ആറാട്ട് പുറപ്പെട്ടു; ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം നാളെ പുലര്‍ച്ചെ കൊടിയിറങ്ങും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് നാളെ പുലര്‍ച്ചെ കൊടിയിറങ്ങും. മഹാദേവക്ഷേത്രസന്നിധിയില്‍നിന്നും ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെട്ടു. മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. ആറാട്ടിനെത്തുന്ന ഭഗവാനെ വഴിനീളെ ഭക്തര്‍ നിറപറയും നിലവിളക്കും വെച്ച് സ്വീകരിക്കുന്നു. പ്രധാന കേന്ദങ്ങളില്‍ സ്വീകരണപന്തലുകള്‍ തയ്യാറാക്കിയതുകൂടാതെ വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്.
ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്ന അതേസമയം ആറിന് അക്കരെ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനം കൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവവൈഷ്ണവ സംഗമത്തിന്റെ ഭാഗമായുള്ള ഇറക്കി പൂജയും ആറാട്ട് സദ്യയുംനടക്കും.
ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പനെ കോവില്‍പാടത്ത്‌നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ഏഴരപൊന്നാനകളുടെ അകമ്പടിയോടെയാണ്. വെളുപ്പിനെ ഒരു മണിക്ക് പേരൂര്‍ കവലയില്‍ എതിരേല്‍പ്പിനു ശേഷം രണ്ടിന് ക്ഷേത്രമൈതാനത്ത് എഴുന്നള്ളിപ്പ് നടക്കും. 5.30നാണ് ആറാട്ട് വരവും കൊടിയിറക്കും.