15 April, 2016 11:22:18 AM


കമ്പക്കെട്ടുകാര്‍ മദ്യപിച്ചിരുന്നതായി മൊഴി



കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വെടിക്കെട്ട്‌ ദുരന്തത്തില്‍ വെടിക്കെട്ട്‌ നടത്തിയ കമ്പക്കെട്ടുകാര്‍ മദ്യപിച്ചിരുന്നതായും ആശാന്മാര്‍ അടക്കമുള്ളവര്‍ ലഹരിയിലായിരുന്നതായും മൊഴി. 110 പേര്‍ മരിച്ച സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. സ്ഫോടനം നടക്കുമ്പോള്‍ കമിഴ്ന്നു കിടന്നതാണ് ഇവര്‍ക്ക് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.


സംഭവത്തില്‍ കസ്റ്റഡിയിലുള്ള കരാറുകാരന്‍ സുരേന്ദ്രന്റെ ആറു തൊഴിലാളികളാണ് ഇൗ വിവരം നല്‍കിയിട്ടുള്ളത്. സാധാരണഗതിയില്‍ മദ്യലഹരിയിലാണ് കമ്പക്കെട്ട് നടത്താറുള്ളതെന്നും ഇവര്‍ പറഞ്ഞു. വെടിക്കോപ്പുകള്‍ എടുക്കുന്നതിനായി മറ്റു ക്ഷേത്രത്തിലേക്ക് തൊഴിലാളികള്‍ പോകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള കൂടുതല്‍ തൊഴിലാളികളെ പോലീസ് തെരയുകയാണ്. സ്ഫോടനം നടക്കുമ്പോള്‍ ഇവര്‍ കമിഴ്ന്ന് കിടന്നതിനാലാണ് ഇവര്‍ക്ക് അപകടം പറ്റാതിരുന്നത്.

സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കരാറുകാരന്‍ സുരേന്ദ്രനും പിന്നീട് മരണമടഞ്ഞിരുന്നു. മറ്റൊരു കരാറുകാരന്‍ കൃഷ്‌ണന്‍കുട്ടിയേയും വെടിമരുന്ന്‌ എത്തിച്ചു നല്‍കിയ വ്യാപാരി കൊല്ലം സ്വദേശി സിയാദിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. നടന്നത്‌ മത്സരകമ്പമായിരുന്നു അപകടത്തിന്‌ കാരണമായതെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ തന്നെ വെടിക്കെട്ട്‌ നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വെടിക്കെട്ടിന്‌ ഉപയോഗിച്ച അമിട്ടുകളില്‍ ശബ്‌ദവൂം നിറവും കൂടുതല്‍ വരുന്ന അപകടകരമായ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചിരുന്നതായി സംശയം ഉണ്ട്‌. ക്രൈംബ്രാഞ്ച്‌ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K