01 March, 2020 02:03:10 PM
മകൾ ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പിതാവിന്‍റെ പരാതി
കൊല്ലം: മകൾ ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പിതാവിന്‍റെ പരാതി. അഞ്ചൽ ഏറം ഒറ്റത്തെങ്ങിൽ ഫൗസിയ മൻസിലിൽ ഷറഹുദീന്‍റെ മകൾ ഫൗസിയ (23)യെയാണ് കൊട്ടിയത്ത് ഭർത്താവിന്‍റെ വീട്ടിൽ കഴിഞ്ഞ 25ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ഷറഹുദീൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും കൊട്ടിയം പോലീസിനും പരാതിനൽകി.
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് കൊട്ടിയം പേരയത്ത് അനസ് മൻസിലിൽ അനസുമായി ഷറഫുദിന്‍റെ മകൾ ഫൗസിയയുടെ വിവാഹം കഴിഞത്. സ്വർണത്തിന്റെയും വസ്തുവിന്റെയും പേരിൽ മകളുടെ ഭർത്താവിന്‍റെ വീട്ടുകാർ ഫൗസിയയെ പീഡി പ്പിച്ചിരുന്നതായുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷറഹുദീൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുന്നത്.