28 February, 2020 06:04:35 PM


ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പ്രാഥമികനിഗമനം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി




തിരുവനന്തപുരം: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണത്തിൽ ദൂരൂഹതയില്ലെന്നും മുങ്ങിമരണമാണെന്നുമാണ് നിഗമനം. ആന്തരികാവയവങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. പ്രാഥമിക നിഗമനങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. നേരത്തെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 


ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്‍റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്‍റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഉണ്ടായിരുന്നു. 


തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച കാണാതായ കുട്ടിക്ക് വേണ്ടി 20 മണിക്കൂറില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K