10 February, 2020 07:19:11 PM
സ്കൂളിലെ കിണറ്റില്‍ മാലിന്യം ഒഴിച്ചു; പഠനോപകരണങ്ങള്‍ നശിപ്പിച്ചു
കൊല്ലം: കുന്നിക്കോട് ഇളമ്പൽ ഗവ.യു പി സ്കൂളിൽ അതിക്രമിച്ച് കയറി സാമൂഹ്യ വിരുദ്ധർ അതിക്രമം കാട്ടി. കുട്ടികളുടെ പഠനോപകരണങ്ങളും ക്ലാസ് മുറികളും നശിപ്പിച്ചു. കിണറിൽ മാലിന്യ മൊഴിച്ച് ഉപയോഗശൂന്യമാക്കി. കുട്ടികൾ ഉപയോഗിക്കുന്ന വാട്ടർ ടാപ്പുകൾ അടച്ചു പൊട്ടിച്ചു. സ്മാർട്ട് ക്ലാസിലെ എ സി യുടെ വയർ മുറിച്ചു മാറ്റി. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പ്രോജക്ട് പേപ്പറുകൾ വലിച്ചു കീറിയെറിഞ്ഞു. പശയടങ്ങിയ ടിന്നും അനുബന്ധ ഉപകരണങ്ങളും തുറന്ന് പശ ഡെസ്കിലും ബെഞ്ചിലും തറയിലും ഒഴിച്ച് നശിപ്പിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതെന്ന് അനുമാനിക്കുന്നു. രണ്ടാം ക്ലാസുകാർ ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഈ കെട്ടിടത്തിലെ മുറികൾക്ക് ജനാലകളും വാതിലുകളും ഇല്ല. വെള്ളിയാഴ്ച വൈകിട്ട് പ്രധാന കെട്ടിടങ്ങളുടെ വാതിലുകളും ഗേറ്റും പൂട്ടി പ്രധാന അദ്ധ്യാപകൻ പോയിരുന്നു. ഞായറാഴ്ച വൈകിട്ട് സ്കൂളിലെ പൂന്തോട്ടം നനക്കാനായി എത്തിയ താത്കാലിക ജീവനക്കാരിയാണ് സംഭവം കണ്ട് സ്കൂൾ ഭാരവാഹികളെ അറിയിച്ചത്.
ഇരുനൂറിൽ പരം കുട്ടികൾ പഠനം നടത്തുന്ന സർക്കാർ സ്കൂളിൽ അതിക്രമിച്ച് കയറി അക്രമം കാട്ടിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പി ടി എ പ്രസിഡന്‍റ് ഗിരിഷ് തമ്പിയും പ്രധാന അദ്ധ്യാപകൻ രാജു മോഹനനും ആവശ്യപ്പെട്ടു. സംഭവത്തിൽ കുന്നിക്കോട് പോലിസ് അന്വേഷണം ആരംഭിച്ചു.