06 February, 2020 10:56:48 AM
പട്ടികജാതിക്കാരിയായതിന്‍റെ പേരിൽ വിദ്യാർഥിനിക്ക് വായ്പ നിരസിച്ചതായി പരാതി
കൊല്ലം: ഇട്ടിവയിൽ പട്ടിക ജാതിക്കാരിയായതിൻറെ പേരിൽ വിദ്യാർഥിനിക്ക് വിദ്യാഭ്യാസ ലോൺ നിരസിച്ചതായി പരാതി. ചുണ്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ഇട്ടിവ ശാഖാ മാനേജർ ആണത്രേ ലോൺ നിരസിച്ചത്. കുടുംബം പട്ടികജാതിക്കാർ ആണ് എന്നും അതിനാൽ വായ്പ തിരിച്ചെടുക്കാൻ പറ്റില്ല എന്നും പറഞ്ഞതായി കാട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ അച്ഛൻ ബാബു കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകി.
ടാപ്പിംഗ് തൊഴിലാളിയായ ബാബു മകളുടെ വിദ്യാഭ്യാസ ലോണിന് വേണ്ടി ഇന്ത്യൻ ബാങ്കിനെ സമീപിച്ചതിനുശേഷം വായ്പ ലഭ്യമാക്കാമെന്ന ബാങ്ക് മാനേജരുടെ ഉറപ്പിൻമേലാണ് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിയത്. എന്നാൽ എട്ട് ലക്ഷം രൂപയ്ക്ക് ലോണിന് അപേക്ഷിച്ച ബാബുവിനോട് ബാങ്ക് മാനേജർ മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകാമെന്ന് ഉറപ്പു നൽകി. അതുമതി എന്ന് ബാബുവിൻ്റെ കയ്യിൽ നിന്നും സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം മകളുടെ ഫീസടക്കുന്നതിനായി ബാബു ബാങ്കിലെത്തിയെങ്കിലും വായ്പ നൽകാൻ മാനേജർ തയ്യാറായില്ല.
നാല് സെൻറിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ആളാണെന്ന് കാട്ടി ബാങ്ക് മാനേജർ രാകേഷ് സുന്ദരേശൻ ലോൺ നിരസിച്ചതായാണ് ബാബു പറയുന്നത്. തുടർന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ആയ നൗഷാദിനെ സമീപിച്ചു നൗഷാദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ബാങ്ക് മാനേജരുമായി സംസാരിച്ചപ്പോഴും ബാങ്ക് ഈ നിലപാടിൽ ഉറച്ചു നിന്നു. വിദ്യാഭ്യാസ ലോൺ നിരസിച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് രക്ഷകർത്താവ് ബാങ്ക് മാനേജരോട് അഭ്യർത്ഥിച്ചപ്പോൾ ബാങ്ക് മാനേജർ പറഞ്ഞത് കുട്ടികളെ പഠിപ്പിക്കേണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണെന്നും ബാങ്കിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നുമാണത്രേ.
ലോൺ നിരസിക്കാൻ ഉണ്ടായ കാരണം രേഖാമൂലം എഴുതി നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടു. ബാങ്ക് അതിന് നല്കിയ മറുപടി നഴ്സിങ്ങിനു ജോലി സാധ്യത കുറവാണന്നും വരുമാനമുള്ള മേഖല അല്ലെന്നുമാണ്. ഒപ്പം ഈ കുട്ടിക്ക് 62 ശതമാനം മാർക്കാണ് ഹയർസെക്കൻഡറിക്ക് ലഭിച്ചതെന്നും കുട്ടിയുടെ രക്ഷകർത്താക്കളുടെ ബാങ്ക് ഇടപാടുകൾ ഇന്ത്യൻ ബാങ്കിൽ അല്ലെന്നും വായ്പ നിരസിക്കാൻ ഉണ്ടായ കാരണങ്ങളായി ബാങ്ക് എഴുതി നൽകി.
വായ്പ നൽകാമെന്ന ബാങ്കിന്റെ ഉറപ്പിൻമേലാണ് കുട്ടിയെ നഴ്സിങ്ങിന് അയച്ചതെന്നും ലോൺ നൽകിയില്ലെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുമെന്നും ബാബു ആവർത്തിക്കുന്നു. ക്യാൻസർ രോഗിയായ ഭാര്യയുടെ ആഗ്രഹപ്രകാരമാണ് കുട്ടിയെ നഴ്സിങിന് അയച്ചതെന്നും വിദ്യാഭ്യാസം മുടങ്ങിയാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമൊന്നുമില്ല എന്നും കാട്ടിയാണ് ബാബു കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ പട്ടികജാതി വിദ്യാർത്ഥിനി ആയതുകൊണ്ടല്ല ലോൺ നിരസിച്ചതെന്നും കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടവ് മുടങ്ങി ബാങ്ക് പ്രതിസന്ധിയിലായതുകൊണ്ടാണെന്നും മാനേജർ പറയുന്നു. നഴ്സിംഗ് മേഖല സാമ്പത്തിക മായി തകർന്നു വരികയാണെന്നും അതിനാൽ ബാങ്കിന് നഴ്സിങ് വിദ്യാർഥികൾക്ക് ലോൺ നൽകാൻ കഴിയില്ല എന്നും ബാങ്ക് മാനേജർ കൂട്ടിച്ചേർത്തു.