19 January, 2020 08:06:48 PM
അതിരമ്പുഴ തിരുനാളിന് കൊടിയേറി; തിരുസ്വരൂപ പ്രതിഷ്ഠയും ദേശക്കഴുന്നും തിങ്കളാഴ്ച
ഏറ്റുമാനൂര്‍: ചരിത്രപ്രസിദ്ധമായ അതിരമ്പുഴ തിരുനാളിന് വികാരി ഡോ.ജോസഫ് മുണ്ടകത്തിലിന്‍റെ കാര്‍മ്മികത്വത്തില്‍ കൊടിയേറി. ഫാ.ആന്റണി തളികസ്ഥാനം, ഫാ. പ്രിൻസ് മാഞ്ഞൂരാൻ, ഫാ.ലിബിൻ പുത്തൻപറമ്പിൽ, ഫാ.ജിജോ കുറിയന്നൂർപറമ്പിൽ, ഫാ.ജോസഫ് പുത്തൂർ എന്നിവർ സഹകാർമികരായിരുന്നു. കൊടിയേറ്റിനു ശേഷം ചങ്ങനാശേരി അതിരൂപതാ പ്രൊക്കുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും നടന്നു.
വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണവും ഇന്നായിരുന്നു. സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം തിങ്കളാഴ്ച പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30നാണ് വലിയപള്ളിയിലെ പ്രധാന മദ്ബഹയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുസ്വരൂപം പുറത്തെടുക്കുന്നത്.
പരമ്പരാഗതമായ ആഭരണങ്ങൾ ചാർത്തിയ ശേഷം തിരുസ്വരൂപം മോണ്ടളത്തിലേക്ക് എഴുന്നള്ളിച്ച് പ്രത്യേക രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. തിരുനാൾ അവസരത്തിൽ മാത്രം പരസ്യ വണക്കത്തിനായി പുറത്തെടുക്കുന്ന തിരുസ്വരൂപം ദർശിക്കുന്നതിനും വിശുദ്ധനെ വണങ്ങുന്നതിനുമായി വിവിധ ദേശങ്ങളിൽ നിന്ന് ആയിരങ്ങളെത്തും.
7.45 ന് തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്കുള്ള പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തെ തുടർന്ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചാലുടൻ ഭക്തർ സ്വർണാഭരണങ്ങളും ഏലക്കാമാലകളും നെൽക്കതിർ, കാർഷികോത്പന്നങ്ങൾ തുടങ്ങിയവയും തിരുസ്വരൂപത്തിങ്കൽ അർപ്പിക്കും. അതിരമ്പുഴയുടെ തന്നെ ഏറ്റവും വലിയ ആത്മീയാഘോഷമായ ദേശക്കഴുന്ന് ഇന്ന് ആരംഭിക്കും. നാല് ദേശങ്ങളായി തിരിച്ച് ഓരോ ദേശത്തു നിന്നും ഓരോ ദിവസം കഴുന്ന് എഴുന്നള്ളിക്കും.
23 വരെ യഥാക്രമം തെക്കുംഭാഗം, കിഴക്കുംഭാഗം, വടക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം ദേശക്കഴുന്നുകളാണ് നടക്കുന്നത്. രാവിലെ 5.45ന് ഓരോ ദേശത്തിന്റെയും തിരുനാൾ കുർബാന നടക്കും. തുടർന്ന് കഴുന്നുകൾ ഏറ്റുവാങ്ങുന്ന ഭക്തജനങ്ങൾ അവ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഷ്ഠിച്ച് ഒരു ദിവസം പ്രാർത്ഥനാദിനമായി ആചരിക്കും.