15 January, 2020 04:55:01 PM


ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ; സ്ഥാനാരോഹണം ഫെബ്രുവരി 3ന്



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിരമിക്കുന്ന ഒഴിവിൽ പുതിയ മെത്രാനായി മാർ ജോസ് പുളിക്കലിനെ (55) സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സിനഡ് നിയമിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു പ്രഖ്യാപനം. മാർ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ കാഞ്ഞിപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.


75 വയസ് പൂർത്തിയായ മാർ മാത്യു അറയ്ക്കൽ, സഭാ കീഴ്വഴക്കമനുസരിച്ച് രാജി സമർപ്പിക്കുകയും സിനഡ് രാജി അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാർ ജോസ് പുളിക്കലിന്‍റെ നിയമനം. 2016 ജനുവരി മുതൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുകയാണ് മാർ പുളിക്കൽ. 1964 മാർച്ച് മൂന്നിന് ജനിച്ച മാർ ജോസ് പുളിക്കൽ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പുളിക്കൽ ആന്‍റണി - മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണ്. ഇഞ്ചിയാനി ഹോളി ഫാമിലി യുപി സ്കൂൾ, മുണ്ടക്കയം സിഎംഎസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളജിൽ പ്രീഡിഗ്രിക്കു ശേഷം പൊടിമറ്റം മേരിമാതാ മൈനർ സെമിനാരിയിൽ ചേർന്നു.


വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽനിന്നും ഫിലോസഫി, തിയോളജി പഠനങ്ങൾക്കുശേഷം 1991 ജനുവരി ഒന്നിന് മാർ മാത്യു വട്ടക്കുഴി കൈവയ്പുശുശ്രൂഷവഴി പൗരോഹിത്യപദവിയിലേക്ക് ഉയർത്തി.  കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ അസിസ്റ്റന്‍റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ജീസസ് ഫ്രട്ടേണിറ്റിയുടെ ആദ്യകാല പ്രവർത്തകനായ ഫാ. പുളിക്കൽ തുടർന്ന് തൃശൂർ വെട്ടുകാട്ട് സ്നേഹാശ്രമത്തിന്‍റെ ഡയറക്ടറായി രണ്ടുവർഷത്തോളം സേവനം ചെയ്തു. പിന്നീട് ബംഗളൂരു സെന്‍റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ധർമാരം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് ഏഴുവർഷത്തോളം രൂപതാ വിശ്വാസ പരിശീലനകേന്ദ്രത്തിന്‍റെയും രൂപതാ മിഷൻലീഗിന്‍റെയും ഡയറക്ടറായി സേവനം ചെയ്തു.


2011 ഫെബ്രുവരി മുതൽ റാന്നി- പത്തനംതിട്ട മിഷൻ മേഖലയുടെ പ്രത്യേക ചാർജുള്ള സിഞ്ചെല്ലൂസും പത്തനംതിട്ട ഫൊറോനാ വികാരിയുമായി ശുശ്രൂഷ നിർവഹിച്ചു. 2014 മേയ് മുതൽ ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും സെമിനാരിക്കാരുടെയും പ്രത്യേക ചുമതലയുള്ള സിഞ്ചെല്ലൂസായി ശുശ്രൂഷ ചെയ്തുവരവേ 2016 ജനുവരി കാക്കനാട് വച്ച് നടന്ന സീറോ മലബാർ ബിഷപ്സ് സിനഡ് ഫാ. ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി തെരഞ്ഞെടുത്തു. 2016 ജനുവരി 12 ന് കാഞ്ഞിരപ്പള്ളി രുപതയുടെ സഹായ മെത്രാനായി പ്രഖ്യാപിച്ചു. 2016 ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രലിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ കൈവയ്പുവഴി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K