07 January, 2020 07:56:04 PM


ഹോം നഴ്സ് മോഷ്ടിച്ചത് 40 പവന്‍; 6 മാസമായിട്ടും മോഷണവിവരം അറിയാതെ വീട്ടുകാര്‍



കൊല്ലം: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 40 പവന്‍ മോഷ്ടിച്ച ഹോം നഴ്സ് പിടിയില്‍. കാക്കത്തോപ്പ് ഗാര്‍ഫില്‍ നഗര്‍ ലെനിന്‍ വില്ലയില്‍ നിഷാ ദാസനാണ് (32) പിടിയിലായത്. താന്നി വടക്കുംഭാഗം സ്വദേശി ജോര്‍ജ്ജിന്‍റെ വീട്ടില്‍ നിന്നും 15 ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ മോഷണം പോയി. തൊട്ടടുത്ത ദിവസം മുതല്‍ നിഷാ ദാസന്‍ ജോലിക്ക് വന്നില്ല. ഇതോടെ ജോര്‍ജ്ജ് ഇരവിപുരം പൊലീസിന് പരാതി നല്‍കി. ഫോണിന്‍റെ ഐ.എം.ഇ നമ്പർ  കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തില്‍ ഫോണ്‍ മോഷ്ടിച്ചത് നിഷാ ദാസനാണെന്ന് ഉറപ്പായതോടെ ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തു.


തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരുന്ന മോഷണവിവരം പുറത്ത് വന്നത്. അലമാരയിലെ മേശയ്ക്കുള്ളില്‍ കിഴിയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണം ആറ് മാസം മുന്‍പേ മോഷ്ടിച്ചെന്നായിരുന്നു നിഷാ ദാസന്‍റെ വെളിപ്പെടുത്തല്‍. ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐമാരായ സുജീഷ് ജി. നായര്‍, ബിനോദ് കുമാര്‍, എ.എസ്.ഐ ഷിബു.ജെ. പീറ്റര്‍, വനിതാ സി.പി.ഒ മഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K