03 January, 2020 08:11:04 PM


ചാവറ പിതാവിന്‍റെ സാംസ്കാരിക - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ അതുല്യം - ഗവര്‍ണര്‍



മാന്നാനം: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്‍റെ സാംസ്കാരിക - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ അതുല്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  പുരോഹിത വൃത്തിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അക്ഷീണം പരിശ്രമിച്ച ചാവറ പിതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ദീര്‍ഘവീക്ഷണത്തോടു കൂടിയായിരുന്നു എന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി. 


വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ സ്വര്‍ഗപ്രാപ്തിയുടെ 150-ാം വാര്‍ഷിക ആചരണ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ്ഖാന്‍. ഒരു പള്ളിക്ക് ഒരു പള്ളികൂടം എന്ന നിലയിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത് കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ അസമത്വം നിലനിന്നിരുന്ന കാലത്ത് അയിത്തത്തിനു അസമത്വത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ചാവറ പിതാവിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള കാഴ്ചപ്പാടും ഭാവനയും പില്‍ക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ - സാമൂഹ്യ - സാസ്കാരിക മണ്ഡലത്തില്‍ വലിയ വഴിത്തിരിവിന് കാരണമായിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 


ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ സ്വര്‍ഗപ്രാപ്തിയുടെ 150-ാം വാര്‍ഷിക ആചരണ ആഘോഷങ്ങളുടെ ഭാഗമായുള്ള ഭവനപദ്ധതി, സമഗ്രവികാസ് റിഹാബിലിറ്റേഷന്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. അദ്ധ്യക്ഷനായിരുന്നു. അവര്‍ണര്‍ ചവിട്ടിമെതിക്കുന്ന നെല്ലില്‍ നിന്നുള്ള അരി സവര്‍ണ്ണന് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ദളിതരോടൊപ്പം വിദ്യാഭ്യാസം  ആയിക്കൂടാ എന്നതായിരുന്നു ചാവറ അച്ചന്‍റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ചാവറയച്ചന്‍റെ ഓരോ സൂക്തങ്ങളും പ്രസക്തമായി ഇന്നും നിലകൊള്ളുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.


ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ആത്മീയതയുടെ ഔന്നത്യം ദര്‍ശിച്ച മഹാ വിശുദ്ധനാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം സ്മരിച്ചു. ജാതി - മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ച് പഠിക്കുവാന്‍ അവസരമൊരുക്കിയ വിപ്ലവകാരിയായിരുന്നു ചാവറ അച്ചനെന്നും അദ്ദേഹം പറഞ്ഞു. ചാവറയച്ചന്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പിന്നോട്ടുപോകാതെ വികസനത്തിന്‍റെ പാതയില്‍ മുന്നോട്ട് പോയത് അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ വ്യക്തമാക്കി. ക്യൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സിഎംഐ പ്രയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടി, സിഎംസി സുപ്പീരിയര്‍ ജനറാള്‍  സിസ്റ്റര്‍ സിബി എന്നിവരും പ്രസംഗിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K