30 December, 2019 09:48:59 PM
പുതുവത്സര ആഘോഷം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത്: കൊല്ലം റൂറല്‍ എസ്പി
കൊട്ടാരക്കര : പുതുവത്സര ആഘോഷം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുതെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്. സമാധാനപരമായ പുതുവത്സര ആഘോഷങ്ങള്‍ക്കായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും എല്ലാവര്‍ക്കും ഐശ്വര്യം നിറഞ്ഞ പുതുവല്‍സരം ആശംസിക്കുന്നതായും ഹരിശങ്കര്‍ അറിയിച്ചു. എന്നാല്‍ യുവാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പോലീസ് സംഘം നല്‍കുന്നുണ്ട്.കൊല്ലം റൂറല്‍ പോലീസ് ജില്ലയിലെ പ്രധാന ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ലോഡ്ജുകള്‍, ബസ് സ്റ്റാന്റുകള്‍, റിസോട്ടുകള്‍, ഹോം സ്റ്റേകള്‍, ടൂറിസ്റ്റ് പ്ലെയിസുകള്‍ തുടങ്ങി പ്രധാന കവലകളും കമ്പോളങ്ങളും എല്ലാം 2019 ഡിസംബര്‍ 31 തീയതി ശക്തമായ പോലീസ് നിരീക്ഷണത്തിലായിരിക്കും.
ഉച്ചഭാഷിണിയുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത ഉപഭോഗം, മദ്യപിച്ചശേഷമുള്ള വാഹന ഡ്രൈവിംഗ്, അമിത വേഗതയിലുള്ള വാഹന ഡ്രൈവിംഗ്, പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ബഹളങ്ങള്‍ എന്നിവ ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത തരത്തിലും നിയമങ്ങള്‍ ലംഘിക്കാതെയും ഏവരും പുതുവത്സരം ആഘോഷിക്കണമെന്നാണ് റൂറല്‍ എസ്പി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പൊതു സ്ഥലങ്ങളിലെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗം നിയന്ത്രിക്കാനായി പ്രത്യേക സ്‌ക്വാഡ് എല്ലാ മേഖലകളിലും നിരീക്ഷണം നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ് അമിത വേഗതയിലുള്ള ഡ്രൈവിംഗ് എന്നിവ നിയന്ത്രിക്കാന്‍ എല്ലാ നിരത്തുകളിലും കവലകളിലും വാഹന പരിശോധന കര്‍ശനമാക്കും. 2019 ഡിസംബര്‍ 31 രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. മദ്യലഹരിയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള പൊതുജനത്തിന് ശല്യമുണ്ടാകുന്നതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. മേല്‍പറഞ്ഞ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ആഹ്വാനം ചെയ്ത് സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ പോലീസ് നിരീക്ഷണത്തിലാക്കും. വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന കൂടുതല്‍ ശക്തമാക്കുന്നതിനായി നിലവിലുള്ള പോലീസ് വാഹനങ്ങള്‍ക്ക് പുറമെ കൂടുതല്‍ വാഹനങ്ങള്‍ പോലീസ് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ എല്ലാ ഐ.എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഹരിശങ്കര്‍ അറിയിച്ചു.