20 December, 2019 11:11:38 PM
കുണ്ടറയിൽ വീടുകയറി മര്‍ദിച്ച് ഗുണ്ടാ സംഘം; പൊലീസിനെതിരെയും ആക്ഷേപം
കൊല്ലം: കുണ്ടറയില്‍ കുടുംബത്തെ ഗുണ്ടാ സംഘം വീടുകയറി മര്‍ദിച്ചു. സഹോദരിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് അതിക്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.
കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ഷിബുവിനെയും കുടുംബത്തെയുമാണ് ഗുണ്ടകള്‍ മര്‍ദിച്ചത്. മാരകായുധകള്‍ ഉപയോഗിച്ച് വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന സംഘം ഭാര്യ ഷീനയെയും പെണ്‍മക്കളെയും മര്‍ദിച്ചു. സഹായത്തിനായി പലതവണ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും കൃത്യസമയത്ത് ഇടപെടലുണ്ടായില്ലെന്ന പരാതിയുമുണ്ട്. ഷീനയുടെ സഹോദരി ഷീല കഴിഞ്ഞ ജൂലൈയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഷീനയും അമ്മയും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.
മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നു ഉള്‍പ്പെടെ മൊഴിയെടുത്തു. കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് അതിക്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.