12 December, 2019 04:36:06 PM
അയോധ്യയില്‍ രാമക്ഷേത്രം തന്നെ; പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസിലെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു ക്ഷേത്രം പണിയുന്നതിനു വിട്ടുനല്‍കിക്കൊണ്ട് നവംബര്‍ ഒന്‍പതിനാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഇതിനെതിരെ 18 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ പരിഗണിച്ച കോടതി, വിധിയില്‍ പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ട വിധത്തില്‍ പിഴവില്ലെന്നു കണ്ടെത്തുകയായിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഡിെൈവെ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍, സഞ്ജിവ് ഖന്ന എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. നേരത്തെ വിധി പറഞ്ഞ ബെഞ്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് വിരമിച്ച ഒഴിവില്‍ ജസ്റ്റിസ് ഖന്നയെ നിയമിക്കുകയായിരുന്നു.
അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ പ്രധാന ഹര്‍ജിക്കാരായ സുന്നി വഖഫ് ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, 40 ആക്ടിവിസ്റ്റുകള്‍, ഹിന്ദു മഹാസഭ, നിര്‍മോഹി അഖാഢ എന്നിവര്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിധിയില്‍ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ മുസ്ലിംകള്‍ക്കു നല്‍കണമെന്ന തീര്‍പ്പിനെ എതിര്‍ത്താണ് ഹിന്ദു മഹാസഭ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.
പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെ അയോധ്യാ കേസിന് പൂര്‍ണമായ പരിസമാപ്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുത്തല്‍ ഹര്‍ജി നല്‍കുന്ന എന്ന സാധ്യത നിയമപരമായി മുന്നിലുണ്ടെങ്കിലും അതില്‍ തിരിച്ചൊരു തീരുമാനമുണ്ടാവാനിടയില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.