09 December, 2019 11:17:23 PM
മാത്യു അറയ്ക്കൽ @ 75; ആത്മീയ വിശ്വാസ ജീവിതത്തിൽ നിറസാന്നിധ്യമായി അഞ്ചു പതിറ്റാണ്ട്
- നൗഷാദ് വെംബ്ലി
കാഞ്ഞിരപ്പള്ളി: അഞ്ചു പതിറ്റാണ്ടുകാലം ആത്മീയ വിശ്വാസ ജീവിതത്തിൽ നിറസാന്നിധ്യമായ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന് ഇന്ന് 75 വയസ് തികയുമ്പോൾ വിശ്വാസികൾക്ക് അദ്ദേഹത്തെ കുറിച്ച് പറയാൻ നൂറ് നാവ്. സാമൂഹീക കാരുണ്യ രംഗത്തെ ലക്ഷകണക്കിനാളുകൾക്കു വലം കൈയ്യായി പ്രവർത്തിച്ച അറക്കൽ പിതാവെന്ന ജനകീയ സേവകനെ നാട് പിൻതുണയ്ക്കുന്നത് ഏറെ അഭിമാനത്തോടെ. ദീർഘകാലം കാഞ്ഞിരപ്പള്ളി കത്തോലിക്ക സഭക്ക് അമരക്കാരനായി പ്രവർത്തിച്ച മാത്യു അറക്കൽ രാജി സന്നദ്ധത അറിയിച്ചു സഭാ നേതൃത്വത്തിനു കത്തു കൈമാറിയിരിക്കുകയാണ്.
ഹൈറേഞ്ചിന്റെ നായകനായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ചു സാമൂഹിക പൊതുരംഗത്തു മുൻനിര സേവകനായതിന്റെ മഹത്വം തന്നെയാണ് അദ്ദേഹത്തെ കത്തോലിക്ക സഭയുടെ രൂപത അമരക്കാരനാക്കാൻ നേതൃത്വം തീരുമാനിച്ചത്. അറക്കലച്ചനിൽ നിന്നും അറയ്ക്കൽ പിതാവിലേയ്ക്കുള്ള വേഗതയിലുള്ള ഉയർച്ച ക്രൈസ്തവ സഭയ്ക്കു മാത്രമല്ല എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനകരമായി.
1944 ഡിസംബർ 10 ന് എരുമേലിയിലാണ് ജനനം. അറയ്ക്കൽ മത്തായി - ഏലിയാമ്മ ദമ്പതികളുടെ മകൻ മാത്യു ചെറുപ്പത്തിൽ തന്നെ ആത്മീയതയ്ക്കും സേവന രംഗത്തും മുൻഗണന നൽകിയിരുന്നു. എരുമേലി സെന്റ് തോമസ് സ്കൂളിൽ പ്രാഥമീക വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശേരി സെന്റ് തോമസ് മൈനർ സെമിനാരിയിലും വടവാതൂർ സെമിനാരിയിലും വൈദീക പഠനം നടത്തി. 1971 മാർച്ച് 13നാണ് വൈദീക പട്ടം സ്വീകരിച്ചത്.
ചങ്ങനാശേരി അതിരൂപതയുടെ വിഭജനത്തോടെ കാഞ്ഞിരപ്പള്ളിയുടെ ചുമതലയിൽ പ്രവർത്തനം ഹൈറേഞ്ചിലായി. വിശ്വാസ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മാതൃക താനായിരിയ്ക്കണമെന്ന് വിശ്വസിച്ച അറയ്ക്കലച്ചൻ സമൂഹത്തിന് നൽകിയ സംഭാവന ഹൈറേഞ്ച് ഉള്ളടത്തോളം കാലം മറക്കാനാവില്ല. കുടിയേറ്റ കർഷകരും പട്ടിണി സമൂഹവും തിങ്ങി പാർക്കുന്ന കിഴക്കൻ കേരളത്തിന് മാതൃകയായിരുന്നു മനുഷ്യ സ്നേഹിയായിരുന്നു മാത്യു അറയ്ക്കൽ. 2001 ൽ മാർ വട്ടക്കുഴിയുടെ പിൻമുറക്കാരനായാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ ചുമതലയിലെത്തിയത്.
സാമൂഹിക രംഗത്തേയ്ക്കുള്ള കാൽവയ്പ് തിരുവനന്തപുരത്തു നിന്നാണ്. ജില്ലയിലെ അമ്പൂരി ഗ്രാമത്തിലെ തൊഴിലാളികളെ ഒരുമിച്ചു ചേർത്ത് 1972 ൽ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചായിരുന്നു ആ ചുവടുവയ്പ് തുടങ്ങിയത്. നെയ്യാറ്റിൻകര പെരിങ്ങാടി വിള ബ്ലോക്കിൽ പശു വളർത്തലും, കോഴി വളർത്തലും ഉപജീവന മാർഗ്ഗമാക്കാൻ പ്രോത്സാഹനം നൽകി മുൻനിര സംഘാടകനായി. 1978 ലാണ് പി.ഡി.എസ് എന്ന ചുരുക്ക പേരിലറിയുന്ന പീരുമേട് ഡവലപ്പ്മെൻറ് സൊസൈറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന പ്രസ്ഥാനമാക്കി ഉയർത്തിയതിന് പിന്നിൽ അറയ്ക്കൽ പിതാവിന്റെ ശക്തമായ കരങ്ങളായിരുന്നു.
യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ ഓർഗാനിക് സ്പൈസസ് ഫാക്ടറിയും തേയില ഫാക്ടറിയും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. സഹ്യാദ്രി എന്നു നാമകരണം നടത്തി ആയൂർവേദ ഫാർമസ്യൂട്ടിക്കലും, ആയൂർവേദ ആശുപത്രിയും രൂപീകരിച്ച് ഇന്ന് നാടറിയുന്ന പ്രസ്ഥാനമാക്കിയത് ഇദ്ദേഹമാണ്. മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ നിർമാതാവും അറക്കൽ പിതാവു തന്നെ.
വിദ്യാഭ്യാസ രംഗത്തെ അറയ്ക്കൽ പിതാവിന്റെ കാൽവയ്പ് പതിനായിരകണക്കിന് വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിഞ്ഞു. ഹൈറേഞ്ചിലെ മഞ്ഞു പെയ്യുന്ന കുട്ടിക്കാനത്ത് മരിയൻ കോളജ് സ്ഥാപിച്ചുള്ള ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാൽവയ്പ് ഓർക്കുന്നതു തന്നെ. പണവും സ്ഥലവുമില്ലാതെ തുടങ്ങിയ കോളജിനായി സഹായ ഹസ്തങ്ങൾ ലഭിച്ചത് ഇദ്ദേഹത്തോടുള്ള ബന്ധം കൊണ്ടു മാത്രം. ആനക്കൽ സെന്റ് ആൻറണീസ് സ്കൂൾ, റാന്നി സിറ്റഡ്സ് കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ്ങ് കോളജ് എന്നിവ അറക്കൽ പിതാവിന്റെ പിൻതിരിയാത്ത ഓട്ടത്തിന്റെ ഫലമാണ്.
1998 മുതൽ 2003 വരെ കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എൻജി വിഭാഗം ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചതും മികവിന്റെ അംഗീകാരമായിരുന്നു. 2006 ൽ ഇസ്രയേലിന്റെ ഗുഡ് വിൽ അംബാസഡർ, 2007 ൽ മിസ്റ്റോറി പ്രതിനിധി സഭ അംഗീകാര സർട്ടിഫിക്കറ്റ്, 1995-98 കാലഘട്ടത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് കൺസൾട്ടന്റ്, 1985-90 ൽ സംസ്ഥാന ഫാമിങ്ങ് കോർപ്പറേഷൻ അംഗം, 1995ൽ കേരള സർവീസ് ഫോറം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രതിസന്ധിയിൽ നിന്നും ദീപിക ദിനപത്രത്തെ കൈ പിടിച്ചുയർത്തിയത് മാർ മാത്യു അറയ്ക്കൽ 2003 മുതൽ 2007 വരെ ചെയർമാൻ സ്ഥാനം വഹിച്ചപ്പോഴാണ്.
കാഞ്ഞിരപ്പള്ളി അച്ചായൻമാരെന്നറിയുന്ന സഭാ അംഗങ്ങളിലെ ബഹു ഭൂരിപക്ഷം പേരെയും പേരെടുത്തു വിളിക്കാനറിയുന്ന ആത്മീയ നേതാവായ സുഹൃത്താണ് മാർ മാത്യു അറയ്ക്കൽ. മുസ്ലിം, ഹൈന്ദവ സമൂഹത്തോട് ഏറെ ബന്ധമുള്ള ബിഷപ്പായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളിക്കാരുടെ മതസൗഹാർദ്ദത്തിന്റെ പ്രധാന കാരണക്കാരൻ അറയ്ക്കൽ പിതാവു തന്നെ. ജനുവരി ഏഴു മുതൽ 15 വരെ ചേരുന്ന സിനഡിൽ പുതിയ ബിഷപ്പ് നിയമിതനാവും. രാജീ സ്വീകരിച്ചാൽ നിയമന നടപടിയുണ്ടാവും. ഇപ്പോൾ സഹായ മെത്രാനായ മാർ ജോസ് പുളിക്കലിനാണ് സാധ്യത ഏറെയും.