09 December, 2019 06:55:06 PM
ചക്കുളത്തുകാവ് പൊങ്കാല നാളെ ; ഒരുക്കങ്ങളുമായി ലക്ഷോപലക്ഷം ഭക്തര്‍
- ശരണ്യ എസ് മോഹന്‍
തിരുവല്ല : ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചക്കുളത്തുക്കാവ് പൊങ്കാല നാളെ നടക്കും. വൃശ്ചിക മാസത്തിലെ കാര്‍ത്തികനാളില്‍ ലക്ഷോപലക്ഷം ഭക്തരാണ് അമ്മയുടെ സന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കുക. ഈ വര്‍ഷത്തെ പൊങ്കാല ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുക.
പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തിന് ശേഷം ഗണപതിഹോമത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. പ്രത്യേക പൂജകള്‍ക്ക് ശേഷം 41 ജീവിതകളിലേക്ക് ദേവി ചൈതന്യത്തെ ആവാഹിക്കും. ഈ സമയം തന്നെ കൊടിമരചുവട്ടില്‍ സ്ഥാപിച്ചിട്ടുള്ള നിലവറ ദീപത്തിനു മുന്നില്‍ പണ്ടാരപ്പൊങ്കാല അടുപ്പ് തയ്യാറാക്കും. ഇവിടെ പ്രത്യേക പൂജകള്‍ക്ക് ശേഷം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക സംഗമം നടക്കും.
8.30 ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലില്‍ നിന്നും മൂല ബിംബം എഴുന്നള്ളിപ്പിച്ച് പണ്ടാര പൊങ്കാലടുപ്പിന് സമീപം എത്തിക്കും. ഒന്‍പതിന് നടക്കുന്ന വിളിച്ചുചൊല്ലി പ്രാര്‍ത്ഥന തീരുന്നതോടെ പൊങ്കാലയടുപ്പില്‍ അഗ്നി പകരും. തുടര്‍ന്ന് വാര്‍പ്പിലേക്ക് അരി പകരും. അഞ്ഞൂറിലധികം കാര്‍മികര്‍ ജീവിത എഴുന്നള്ളിച്ച് നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് പോയി പൊങ്കാല തളിക്കും. 12.30 ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടത്തുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ ഗോപാലകൃഷണന്‍ നായര്‍, പിആര്‍ഒ സുരേഷ് കാവുംഭാഗം എന്നിവര്‍ അറിയിച്ചു.