09 December, 2019 03:50:58 PM


സിസ്റ്റര്‍ ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണം ; മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ മാതാപിതാക്കളുടെ സമരം



മാനന്തവാടി : സിസ്റ്റര്‍ ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ സമരം തുടങ്ങി. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും ഇവിടെ ആളുകളെത്തി. അതേസമയം സമരത്തെ എതിര്‍ത്ത് മാനന്തവാടി രൂപത രംഗത്തെത്തി.

സിസ്റ്റര്‍ ദീപ, മക്കിയാട് കോളാസ്റ്റിക്കല്‍ കോണ്‍വെന്‍റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷന്‍റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്കായിരുന്നു ഇവര്‍ പോയത്.

എന്നാല്‍ സഭ വിട്ട ദീപ ജോസഫ്, ലണ്ടനില്‍ ഇംഗ്ലണ്ട് പൗരത്വം നേടി ജീവിക്കുകയാണെന്ന് മാനന്തവാടി രൂപത പറയുന്നു. സമരം സാമ്പത്തിക പ്രേരിതമെന്നാണ് മാനന്തവാടി രൂപത കുറ്റപ്പെടുത്തിയത്. സിസ്റ്റര്‍ ദീപയുടെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സെന്‍റ് ബെനഡിക്‌ട് കോണ്‍ഗ്രിഗേഷനാണെന്നും മാനന്തവാടി രൂപതയെ മനപൂര്‍വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

സിസ്റ്റര്‍ ദീപയ്ക്ക് ബാംഗ്ലൂരില്‍ വെച്ച്‌ മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ ഉണ്ടായതായി സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. മഠത്തിലെ ചാപ്ലിന്‍ ആയിരുന്ന 70 വയസ്സുള്ള ഇംഗ്ലീഷുകാരന്‍ വൈദികനും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K