04 December, 2019 05:09:11 PM
സുപ്രിംകോടതി വിധിക്ക് മുകളില്‍ ഇനി മധ്യസ്ഥത വേണ്ട; നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മറ്റു സഭകളുടെ മധ്യസ്ഥശ്രമം തള്ളി ഓര്‍ത്തോഡോക്‌സ് സഭ. സുപ്രിംകോടതി വിധിക്ക് മുകളില്‍ ആരും മധ്യസ്ഥതയ്ക്ക് വരണ്ടന്നും ചിലരുടെ കുതന്ത്രമാണ് അനുരജ്ഞനശ്രമങ്ങള്‍ക്ക് പിന്നിലെന്നും ബസേലിയോസ് മാര്‍ത്തോമാ കാതോലിക്കാ ബാവ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ബാവയുടെ പ്രതികരണം.
ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കാണിച്ച് അഞ്ച് സഭകളുടെ അധ്യക്ഷന്‍മാരാണ് ഇന്നലെ ഇരുസഭകള്‍ക്കും കത്ത് നല്‍കിയത്. എന്നാല്‍, കൊച്ചിയില്‍ ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച സഹന സമരവേദിയില്‍വച്ചാണ് കാതോലിക്കാ ബാവ ഈ ക്ഷണം തള്ളിക്കളഞ്ഞത്. സുപ്രിംകോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മധ്യസ്ഥചര്‍ച്ചയാണ് നടത്തേണ്ടതെന്ന് സമരം ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവ ചോദിച്ചു. ആഭ്യന്തരകാര്യങ്ങളില്‍ മറ്റ് സഭകള്‍ ഇടപെടേണ്ടതില്ല. സഭയുടെ ശ്മശാനങ്ങള്‍ പൊതുശ്മശാനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തര്‍ക്കപരിഹാരത്തിന് സഭാധ്യക്ഷരുടെ ഇടപെടല്‍ സ്വാഗതാര്‍ഹം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെയാണ് പ്രസ്താവന ഇറക്കിയത്. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്.
എന്നാല്‍, ഒരുവിഭാഗത്തിന്‍റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് മധ്യസ്ഥശ്രമങ്ങളോട് താല്‍പര്യമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയത്. അതിനിടെ, കോതമംഗലം ചെറിയപള്ളി വിഷയത്തില്‍ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തുമെന്ന് വികാരി തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. പള്ളി എത്രയുംവേഗം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കലക്ടറോട് ആവശ്യപ്പെടും