15 November, 2019 05:04:25 PM
ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ ബന്ധുക്കള്‍ ബസ് തടഞ്ഞു നിർത്തി കൈകാര്യം ചെയ്തു
കൊല്ലം: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രതിയെ ബന്ധുക്കള്‍ പിടികൂടി. ശല്യം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനി ബന്ധുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. കൊല്ലം അഞ്ചലിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ വയലാ സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അഞ്ചല്‍-കുളത്തുപ്പുഴ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിലാണ് സംഭവം ഉണ്ടായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഉണ്ണികൃഷ്ണന്‍ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് ബന്ധുക്കളോട് യുവാവ് തന്നെ ശല്യപ്പെടുത്തുന്ന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ബസ് തടഞ്ഞു നിര്‍ത്തി. മറ്റു യാത്രക്കാരുടെ സഹായത്തോടെ ബന്ധുക്കള്‍ ഉണ്ണികൃഷ്ണനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.