21 October, 2019 10:39:04 AM
കൊല്ലത്ത് മഴ ശക്തമായി :പുനലൂരും കൊട്ടാരക്കരയിലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും
കൊല്ലം: ജില്ലയിലും മഴ ശക്തമായതോടെ മിക്ക പ്രദേശങ്ങളിലും വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കിഴക്കന്‍ മേഖലകളില്‍ മണ്ണിടിച്ചിലും,കൃഷിനാശവും ശക്തമായിട്ടുണ്ട്. തെന്മല പരപ്പാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ആവണീശ്വരത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 15 കുടുംങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുനലൂര്‍ താലൂക്കില്‍ ഇടമണ്ണിലാണ് വീട് പൂര്‍ണ്ണമായും തകര്‍ന്നത്.
കുണ്ടറ മണ്‍ട്രോതുരുത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. പല വീടുകളിലും വെള്ളം കയറി വെള്ളപൊക്ക ഭീഷണി നേരിടുന്നു. മണ്‍ട്രോതുരുത്തില്‍ രണ്ടു വീട് തകര്‍ന്നു.പട്ടം തുരുത്ത് വെസ്റ്റില്‍ സുമാംഗിയുടെ വീടും കിടപ്പറം വടക്ക് ലീലയുടെ വീടുമാണ് തകര്‍ന്നത്. കൊട്ടാരക്കര താലൂക്കില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പുലമണ്ണിലാണ് മണ്ണിടിഞ്ഞത്. താഴ്ന്ന പ്രദേശങള്‍ വെള്ളത്തിനടിയിലായി. എം.സി റോഡില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ജില്ലയില്‍ മറ്റ് താലൂക്കുകളിലും നേരിയ തോതില്‍ മഴ തുടരുന്നു.
പത്തനാപുരത്ത് ഏലകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് തോടുകളും കനാലുകളും കരകവിഞ്ഞു. നെടുവത്തൂരിലും വീടുകളില്‍ വെള്ളം കയറി. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10ഓളം വീടുകളില്‍ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞാറയ്ക്കല്‍ ഭാഗത്തുള്ള മലവെള്ള പാച്ചിലാണ് വെള്ളക്കെട്ടിനിടയാക്കിയത്. ശക്തമായ കാറ്റില്‍ വൈദ്യത ബന്ധവും തകരാറിലായി. കുന്നിക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ ഗതാഗതം തടസപ്പെട്ടു.നിലവില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ മുന്‍സിപ്പല്‍ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്കിലും മഴ ശക്തമായി തുടരുകയാണ്.