18 October, 2019 12:08:41 AM
തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; ദര്‍ശനപുണ്യം നുകര്‍ന്ന് നിയുക്ത മേല്‍ശാന്തിമാര്‍
ശബരിമല: ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേല്‍ശാന്തിമാരായ എ.കെ.സുധീര്‍ നമ്പൂ തിരിയും എം.എസ്. പരമേശ്വരന് നമ്പൂതിരിയും തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തി. ഇരുവരേയും ഇപ്പോഴത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിയിലേക്ക് ആനയിച്ച് കൈപിടിച്ചു കയറ്റി. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പുതിയ മേല്‍ശാന്തിമാര്‍ അയ്യപ്പനെ തൊഴുതു. ഇന്നു മുതല്‍ ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വൃശ്ചികം ഒന്നിനാണ് ഇവര്‍ ചുമതയേല്‍ക്കുക.
പതിനെട്ടാം പടിക്കു മുന്നിലുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്ന ശേഷമാണ് ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, മെമ്പര്‍ കെ.പി.ശങ്കരദാസ് എന്നിവരും ദര്‍ശനത്തിന് എത്തി. തുലാം ഒന്നായ വെള്ളിയാഴ്ച രാവിലെ 5 മണിക്ക് നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവു പൂജകളും ഉണ്ടാകും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് ചിത്തിര ആട്ടത്തിരുന്നാളിനായി 26ന് വൈകിട്ട് തുറന്ന് 27 ന് രാത്രിയില്‍ അടയ്ക്കും.