14 October, 2019 03:01:04 AM
പുനലൂർ ഒലിപ്പുറത്ത് മലയിൽ ഉരുൾപൊട്ടൽ: വ്യാപക നാശം; മലവെള്ളത്തിൽ മഞ്ഞമൺകാല ഗ്രാമം ഒറ്റപ്പെട്ടു
പുനലൂർ: 60 എക്കർ എന്ന ഒലിപ്പുറത്ത് മലയിൽ ഉരുൾപൊട്ടി. അടിവാരത്തെ വീടുകളിലും കൃഷി ഇടങ്ങളിലും വെള്ളം കയറിയും മണ്ണ് ഇടിഞ്ഞും വ്യാപക നാശം. മലവെള്ളത്തിൽ മഞ്ഞമൺകാല ഗ്രാമം ഒറ്റപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ ഒലിപ്പുറം മലയിൽ നിന്ന് കല്ലുകൾ അടങ്ങിയ മലവെള്ളം ഇരച്ച് എത്തുകയായിരുന്നു. ഏക്കർ കണക്കിനുളള ഏലാ നിറഞ്ഞ് കരയിലേക്ക് കയറി വീട്ടിനുള്ളിൽ വെള്ള മെത്തിയതോടെയാണ് ഗ്രാമീണർ മഴയുടെ ഭീകരത തിരിച്ചറിഞ്ഞത്.
പ്ലാത്തറ പക്ഷ ജാക്ഷീ, ഷിനു, ഉറിeക്കാട് രാജേന്ദ്രൻ എന്നിവരുടെ വീടുകളിലാണ് മലവെള്ളം കയറിയത്. മണ്ണ് ഇടിഞ്ഞ് വീടിന് ഭീഷണിയായത് പ്ലാത്തറ മുരളിധരന്റേയും എസ്എൻ കോളേജ് അടിവാര നിവാസികളായ തമ്പി, അമ്പിളി, ഷീജ, ലില്ലി എന്നിവർക്കാണ്. സുരക്ഷയില്ലാത്ത വീട്ടിൽ നിന്ന് പങ്കജാക്ഷിയും കുടുംബത്തിനെയും നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. മറ്റുള്ളവർ ബന്ധുവീടുകളിൽ അഭയം തേടി. മലവെള്ള പാച്ചിലിൽ അടിവാരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇതോടെ പുനലൂർ പട്ടണവുമായി ഗ്രാമീണരുടെ യാത്രാ ബന്ധം നഷ്ടപ്പെട്ടു. പൈനാപ്പിൾ ജംഗ്ഷൻ, പൊയ്യാനിൽ, ബി എസ് ആർ, സ്റ്റേഡിയം, ചെമ്മന്തൂർ ഭാഗങ്ങളിൽ കടകളിലേക്ക് വെള്ളം കയറി. കൊല്ലം തേനി ദേശീയ പാതയിൽ ചെറുവാഹന ഗതാഗതം നിർത്തിവച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെളളകെട്ട് തുടരുകയാണ്. പരിസ്ഥിതി ദുർബല മേഖലയായിട്ടാണ് ഒലിപ്പുറത്ത് മല അധികൃതർ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുനലൂരിൽ ശക്തമായ മഴ രേഖപ്പെടുത്തി. കനത്ത മഴയിൽ നഗരത്തിൽ ഒരു മണിക്കൂറോളം ഗതാഗത തടസവും നേരിട്ടു. കാരവാളൂർ അടുക്കള മൂല തുടങ്ങിയ താണ പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി.