05 October, 2019 04:36:49 PM
ട്രാക്കിൽ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ പാഞ്ഞെത്തി; കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം
കൊല്ലം: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ പാഞ്ഞെത്തി. ഒഴിവായത് വൻ ദുരന്തം. കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസാണ് ശാസ്താംകോട്ടയ്ക്കടുത്ത് മൈനാഗപ്പള്ളിയിൽ ഇന്നലെ രാവിലെ 11.15നു തൊഴിലാളികൾക്കിടയിലേക്ക് അപ്രതീക്ഷിതമായി പാഞ്ഞെത്തിയത്. ട്രെയിൻ വരുന്നത് കണ്ട് തൊഴിലാളികൾ ഓടി മാറിയെങ്കിലും ട്രാക്കിൽ എർത്ത് ഘടിപ്പിക്കുന്നതിനായി ഉപയോഗിച്ച ഡ്രില്ലിങ് മെഷീൻ ട്രാക്കിൽ നിന്ന് എടുത്ത് മാറ്റാനായില്ല.
മെഷീനു മുകളിലൂടെയാണ് ട്രെയിൻ കടന്നു പോയത്. അപകടം മുന്നിൽ കണ്ട എൻജിൻ ഡ്രൈവർ ട്രെയിൻ നിർത്തി. ഡ്രില്ലിങ് മെഷീൻ പൂർണമായി തകർന്നു. മറ്റ് തകരാറുകളൊന്നുമില്ലെന്നു ഉറപ്പുവരുത്തി 15 മിനിട്ടിനു ശേഷം വേഗത കുറച്ചു ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ വരുന്നതിനെ പറ്റി തൊഴിലാളികൾക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് സൂചന. ഇതു സംബന്ധിച്ച് റെയിൽവേ അന്വേഷണം തുടങ്ങി.