29 August, 2019 10:58:12 PM
അഞ്ചലിൽ ആൾമാറാട്ടം നടത്തി റോഡ് നിർമ്മാണ ഫണ്ട് തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തിൽ നിന്നും റോഡ് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് ആൾമാറാട്ടം നടത്തി തട്ടിയെടുത്ത കേസിൽ കോൺട്രാക്ടറെ അറസ്റ്റു ചെയ്തു. അഞ്ചൽ ഈസ്റ്റ് എച്ച് എസ് എസ് പിറ്റിഎ പ്രസിഡൻറും സി.പി.ഐ പ്രവർത്തകനുമായ വടമൺ ഒരുനട വിളയിൽ വിട്ടിൽ ഗണേശനാണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കറ്റകൃത്യങ്ങളാണ് ഗണേശനെതിരെ ഉള്ളത്.
ബനിഫിഷറി കൺവീനർ അറിയാതെ അതേ പേരിലുള്ള മറ്റൊരാളെ ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം പിൻവലിച്ച കേസിലാണ് അറസ്റ്റ്. പനയഞ്ചേരി കരിമ്പിൻ ചാൽ റോഡ് നിർമ്മാണത്തിന്റെ ഒരു ലക്ഷത്തി എമ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. റോഡ് നിർമ്മാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ചു കൊണ്ട് നാട്ടുകാർ വിജിലൻസിൽ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്തത് കണ്ടെത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .