26 July, 2019 01:52:25 PM


ദൈവഭയത്തില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കുകയാണ് നാം ചെയ്യേണ്ടത് - മാത്യൂസ് മോര്‍ തേവോദോസിയോസ്

പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന തിരുനാള്‍ ആഗസ്ത് 1ന്



കോട്ടയം: ദൈവഭയത്തില്‍ നിന്നും ദൈവസാന്നിധ്യത്തില്‍നിന്നും വിട്ടുപോകാതെ അവനെ മാത്രം ഭയപ്പെട്ട് ജീവിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് മാത്യൂസ് മോര്‍ തേവോദോസിയോസ്. ദൈവവിശ്വാസത്തില്‍ അടിയുറച്ച് നിന്ന് തന്‍റെ മക്കളെ ദൈവത്തിനായി സമര്‍പ്പിച്ച മര്‍ത്തശ്മൂനി അമ്മ നമുക്ക് കാട്ടിതരുന്നത് യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ പിടിച്ചടക്കിയിട്ടും നേര്‍വഴിക്ക് സഞ്ചരിക്കാതെ തന്‍റെ ജീവിതം നശിപ്പിക്കുന്നതില്‍ എന്താണ് പ്രയോജനമെന്ന് ചിന്തിക്കണതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തീര്‍ത്ഥാടനകേന്ദ്രമായ പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ ശുദ്ധിമതിയായ മര്‍ത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മോര്‍ ഏലിയാസറിന്‍റെയും ഓര്‍മ്മപെരുനാളിനോടും ഒമ്പത് നോമ്പാചരണത്തോടും അനുബന്ധിച്ച് വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷപൂര്‍വ്വമായ റാസ ഭക്തിസാന്ദ്രമായി. ആശിര്‍വാദത്തെ തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും നടന്നു.


പ്രധാന തിരുനാള്‍ ദിനമായ ആഗസ്ത് 1ന് 7.30 - പ്രഭാതനമസ്കാരം, 8.30 - വി.ഒമ്പതിന്മേല്‍ കുര്‍ബാന - സഖറിയാസ് മോര്‍ പോളികാര്‍പ്പസ്, 10.30 - എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്കാരവിതരണവും നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണവും, 11.00 ധൂപപ്രാര്‍ത്ഥന, കൈമുത്ത്, 12.00 കുട്ടികളെ അടിമവെയ്ക്കല്‍, 3.00 - പ്രദക്ഷിണം, ആശിര്‍വാദം, 4.00 - പാച്ചോര്‍ നേര്‍ച്ച, 5.00 - കൊടിയിറക്ക്.



സഹനത്തിന്‍റെ പാതയില്‍ അടിപതറാതെ വിശ്വാസത്തോടെ ജീവിക്കുവാന്‍ നമുക്ക് കഴിയണമെന്ന് വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച് സംസാരിച്ച കുര്യാക്കോസ് മാര്‍ ഈവാനിയോസ് പറഞ്ഞു. ഒന്‍പത് ദിവസത്തെ നോയമ്പ് ആചരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ വലിയ ഒരു അനുഭവമാണ് നമുക്ക് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഫ.എല്‍ദോ തവളപ്പാറയുടെ നേതൃത്വത്തില്‍ ധ്യാനയോഗം നടന്നു.


ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും സത്യം ത്വജിക്കാന്‍ ഒരിക്കലും ഇടയാകരുതെന്നാണ് മര്‍ത്തശ്മൂനി അമ്മയുടെയും മക്കളുടെയും നമ്മെ പഠിപ്പിക്കുന്നത് എന്നും വ്ശ്വാസതീഷ്ണതയില്‍ മനസു നിറഞ്ഞ് പ്രാര്‍ത്ഥിക്കുകയും കരങ്ങള്‍ കൊണ്ട് യുദ്ധം ചെയ്ത് സത്യത്തിനായി നിലകൊള്ളുകയുമാണ് നാം ചെയ്യേണ്ടതെന്നും വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്ന കുര്യാക്കോസ് മോര്‍ ക്ലിമീസ് അഭിപ്രായപ്പെട്ടു. വിശ്വാസത്തിലൂടെ ദൈവസാക്ഷ്യം പ്രാപിച്ച അബ്രഹാം തലമുറകളിലേക്ക് ദൈവത്തെ പകര്‍ന്നു നല്‍കിയതുപോലെ പൌലോസ് ശ്ലീഹാ തീവ്രപീഡനങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ സാക്ഷീകരിച്ച് ജീവിച്ചതുപോലെ നമുക്കും വരും തലമുറയിലേക്ക് ക്രിസ്തുവിന്‍റെ നന്മ പകര്‍ന്നു കൊടുക്കാനാവണമെന്നും അദ്ദേഹം പറ‍ഞ്ഞു.



എത്ര പ്രായമായാലും മക്കളുടെ മനസ് തിരിച്ചറിയാന്‍ അമ്മമാര്‍ക്കേ കഴിയൂ എന്നും അവരുടെ പ്രയാസങ്ങളെ ദൈവത്തിനുമുന്നില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയാണ് അമ്മമാര്‍ ചെയ്യുന്നതെന്നും ഈ ദേവാലയത്തില്‍ എത്തിചേരുന്ന എല്ലാവരും മര്‍ത്തശ്മൂനിയമ്മയുടെ ജീവിതം മാതൃകയാക്കി സത്യത്തിനും നീതിക്കും വേണ്ടി ജീവിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പെരുനാളിനോടനുബന്ധിച്ച് വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്ന കുര്യാക്കോസ് മോര്‍ യൌസേബിയോസ് പറഞ്ഞു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും സമ്പത്തും നല്ല വീടും ഒക്കെ നേടിക്കൊടുക്കുവാന്‍ ശ്രമിക്കുന്ന അമ്മമാര്‍ അവരെ ദൈവവിശ്വാസത്തിലൂന്നി പ്രാര്‍ത്ഥനയോടെ ജീവിക്കുവാന്‍ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സര്‍വ്വശക്തനായ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച് സത്യവിശ്വാസത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മര്‍ത്തശ്മൂനി അമ്മയുടെയും ഏഴ് മക്കളുടെയും ഗുരുവിന്‍റെയും ജീവചരിത്രം ആകമാന സുറിയാനി സഭയുടെ തിളങ്ങുന്ന അധ്യായമാണെന്ന് വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച യുഹനോന്‍ മോര്‍ മിലിത്തിയോസ് പറഞ്ഞു. പരിശുദ്ധ അമ്മയുടെ നാമത്തില്‍ ഭാരതത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യ ദൈവാലയമാണ് മര്‍ത്തശ്മൂനി പള്ളി. അമ്മയുടെ നാമത്തില്‍ നടക്കുന്ന അത്ഭുത പ്രവൃത്തികള്‍ ഈ പള്ളിയുടെ ഖ്യാതി ലോകസീമകളില്‍ എത്തിച്ചിരിക്കുന്നു. നമ്മുടെ പൂര്‍വ്വിക വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ അമ്മയുടെയും ഏഴ് മക്കളുടെയും ഗുരുവിന്‍റെയും ജീവചരിത്രം വിശ്വാസജീവിതത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.


പ്രതിസന്ധികള്‍ എത്ര ഉണ്ടായാലും പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ജീവിക്കുകയാണ് ചെയ്യേണ്ടതെന്ന് വി.അഞ്ചിന്മേല്‍ കുര്‍ബാന അര്‍പ്പിച്ച് സംസാരിച്ച ഐസക് മോര്‍ ഒസ്താത്തിയോസ് ആഹ്വാനം ചെയ്തു. മര്‍ത്തശ്മൂനിയമ്മയും ഏഴ് സഹദേന്മാരും ഗുരുവായ ഏലിയാസറും ഈ രീതിയിലാണ് ജീവിതം നയിച്ചത്. മോശയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിച്ച യഹൂദര്‍ അന്ന് വളരെയേറെ പീഢകള്‍ സഹിച്ചിരുന്നു. യഹൂദര്‍ക്ക് നിഷിദ്ധമായിരുന്ന പന്നിമാംസം ഭക്ഷിക്കണമെന്ന അന്തിയോക്കസ് രാജാവിന്റെ കല്‍പന അനുസരിക്കാത്തതിനാല്‍ അമ്മയേയും മക്കളേയും വറചട്ടിയില്‍ വറുത്ത് കൊല്ലുകയാണ് ചെയ്തത്. പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസങ്ങളും നിയമങ്ങളും ലംഘിക്കുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്ന നമ്മെ പഠിപ്പിക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം ചൂണ്ടികാട്ടി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.6K