10 June, 2019 07:15:00 PM


പാപനാശത്തിനടുത്ത് കടല്‍ പതഞ്ഞ് പൊങ്ങി; പഞ്ഞിക്കെട്ടുപോലെ പത നുരയുന്നത് കായല്‍ജലം കടലിലേക്കിറങ്ങുമ്പോള്‍



കൊല്ലം: പാപനാശത്തിനും കൊല്ലം പരവൂരിനും മധ്യേ കടല്‍തീരത്ത് കടല്‍ പതഞ്ഞ് പൊങ്ങി. കടലില്‍ നിന്ന് തിരയിലേക്ക് അടിക്കുന്ന വെള്ളത്തോടൊപ്പമാണ് പതയും തീരത്തേക്ക് കയറുന്നത്. കൂടുതല്‍ പത ശക്തമായ കാറ്റിന് തീരത്തേക്ക് അടിച്ച് കയറ്റിയതോടെ തീരം മുഴുവനും പത മാത്രമായി. പഞ്ഞിക്കെട്ടുപോലെ വെള്ള മേഘങ്ങള്‍ നിറഞ്ഞതായി മാറി തീരം.  ഇന്ന്  രാവിലെ ഏതാണ്ട് 8.30 മുതലാണ് പത കണ്ട് തുടങ്ങിയത്. ഉച്ചയോടെ ഇത് പൂര്‍ണ്ണമായും മാറി.


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ തീരത്ത് പത പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.  കായലില്‍ നിന്നുള്ള വെള്ളം 'ഇറക്കപൊരുക്ക'ത്തിന് കടലിലേക്കിറങ്ങുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കൊല്ലത്തിന്‍റെ തെക്കന്‍ തീരത്താണ് പൊതുവേ ഇത്തരത്തില്‍ കാണപ്പെടുന്നത്. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഇത്തരത്തില്‍ പത പൊങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു. തോടുകളിലൂടെ ഒഴുകിയെത്തുന്ന രാസവസ്തുക്കള്‍ ചേര്‍ന്ന മലിനജലം കായലില്‍നിന്നും കടലിലേക്കിറങ്ങുമ്പോള്‍ ഉണ്ടാകുന്ന രാസപരിണാമമാണോ ഇതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K