13 May, 2019 08:01:07 AM
തൃശ്ശൂർ പൂരം ഇന്ന്: വെയിലോ മഴയോ ഏൽക്കാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി; പഴുതടച്ച സുരക്ഷ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങൾ അൽപ്പ സമയത്തിനകം പുറപ്പെടും. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. വെയിലോ മഴയോ ഏൽക്കാതെ വേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താൻ എന്നാണ് വിശ്വാസം. അതിനാലാണ് വളരെ നേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്‍റെ പൂരം പുറപ്പെടുന്നത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥസന്നിധിയിലെത്തുന്നതോടെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തിൽ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് തൃശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയിൽ വിന്യസിച്ചിരിക്കുന്നത്. പൂരത്തോടനുബന്ധിച്ച് സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാൽ ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവർ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.