10 May, 2019 03:30:11 PM
'ആനയില്ലെങ്കിൽ ആന വണ്ടി'; കൊട്ടാരക്കര ഉത്സവത്തിന് കൌതുകമുണര്‍ത്തി ആനവണ്ടി എഴുന്നള്ളിപ്പ്
കൊല്ലം : ഉത്സവത്തിന് ആനയില്ലെങ്കില്‍ ആനവണ്ടി. കെ.എസ്.ആർ.ടി.സി. ബസില്‍ നെറ്റിപ്പട്ടം കെട്ടിച്ച് എഴുന്നള്ളിച്ച കാഴ്ച കൊട്ടാരക്കരയില്‍ കൌതുകമുണര്‍ത്തി. തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് കെ.എസ്.ആർ.ടി. വക ആനവണ്ടി എഴുന്നള്ളിപ്പ് കൗതുകമായത്.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേട തിരുവാതിര മഹോത്സവത്തിനാണ് നെറ്റിപ്പട്ടവും, പൂമാലയും ചാർത്തി അലങ്കാരത്തോടെ ആന വണ്ടിയെ എഴുന്നള്ളിച്ചത്. കൊട്ടാരക്കര ഡിപ്പോയിലെ മൊബൈൽ വർക് ഷോപ്പ് വാനിനായിരുന്നു ഈ അപൂർവ്വ ഭാഗ്യം. റോഡിനിരുവശവും ജനക്കൂട്ടം ഹർഷാരവത്തോടെയാണ് ആന വണ്ടിയെ എതിരേറ്റത്. എല്ലാ കൊല്ലവും ഇവിടുത്തെ ഉത്സവത്തിന് ഭാഗമാകാറുള്ള കെ.എസ്.ആർ.ടി.സി. ഇത്തവണ എന്തെങ്കിലും വ്യത്യസ്തത ആകണമെന്ന ചിന്തയിലാണ് ചമയങ്ങളോടെ ആന വണ്ടി എഴുന്നള്ളിപ്പ് നടത്തിയത്.