01 May, 2019 12:36:17 PM
ആഭ്യന്തര കലഹം: യാക്കോബായ സഭാധ്യക്ഷൻ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു; കാതോലിക്കാ ബാവ ആയി തുടരും
കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്നും യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള സഭാധ്യക്ഷന്‍റെ ആവശ്യം പാത്രീയാർക്കീസ് ബാവ അംഗീകരിച്ചു. എന്നാൽ കാതോലിക്കാ ബാവ സ്ഥാനത്ത് തുടരണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ബാവയെ സഹായിക്കാൻ മൂന്ന് മെത്രോപൊലീത്തമാരെ ചുമതലപ്പെടുത്തും. അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കും.
സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനത്യാഗത്തിനൊരുങ്ങി പാത്രയാർക്കീസ് ബാവയ്ക്ക് കത്ത് നൽകിയത്. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു കത്ത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും സഭയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ പുതിയ ഭരണ സമിതിയാണെന്നും താൻ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തിൽ വ്യക്തമാക്കിയിരുന്നു.
യാക്കോബായ സഭയിൽ അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയും സഭാധ്യക്ഷനും തമ്മിൽ അത്ര നല്ല ബന്ധമല്ലായിരുന്നു. വൈദിക ട്രസ്റ്റി ഫാദർ സ്ലീബാ വട്ടവെയിലിലുമായും അൽമായ ട്രസ്റ്റിയുമായും തോമസ് പ്രഥമൻ ബാവ സ്വരചേർച്ചയിലായിരുന്നില്ല. സഭയിലെ ധനശേഖരണത്തെക്കുറിച്ചും മറ്റും സഭാ അധ്യക്ഷനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്‍റെ പേരിൽ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമൻ ബാവ ദമാസ്കസിലേക്കയച്ച കത്തിൽ വ്യക്തമാക്കി. പാത്രീയാർക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്.