27 March, 2019 08:40:24 AM


തുടര്‍ പഠനത്തിനായി അസിമിന്‍റെ പ്രതിഷേധ വീൽചെയർ യാത്ര കൊല്ലത്ത്



കൊല്ലം: തുടർപഠനത്തിന് സ്കൂളില്‍ ഏട്ടാം ക്ലാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വെള്ളിമണ്ണ സ്വദേശി അസിം നടത്തുന്ന പ്രതിഷേധ വീല്‍ചെയർ യാത്ര കൊല്ലത്ത് എത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനാണ് ഏഴാം ക്ലാസ്സില്‍ പഠനം മുടങ്ങിയ അസിമിന്‍റെ വീല്‍ചെയർ യാത്ര. ജന്മനാ ഭിന്നശേഷിക്കാരനായ മുഹമ്മദ് അസിം കഴിഞ്ഞ വർഷമാണ് കോഴിക്കോട് വെള്ളിമണ്ണ മുസ്ലിം യുപി സ്കൂളില്‍ നിന്നും ഏഴാംക്ലാസ്സ് പാസായത്.


സ്കൂളില്‍ ഏട്ടാം ക്ലാസ്സ് ഇല്ലാത്തതിനാല്‍ പഠനം മുടങ്ങി. തുടർപഠനത്തിന് ഏറെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അസീമിന്. വെള്ളിമണ്ണ സ്കൂളില്‍ ഏട്ടാം ക്ലാസ്സ് അനുവദിക്കണമെന്ന ആവശ്യവുമായി ഇരുകൈകളും ഇല്ലാത്ത അസിമും കുടുംബവും കയറി ഇറങ്ങാത്ത ഓഫിസുകള്‍ ഇല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല. ഇതെ തുടർന്നാണ് സ്ഥലവാസികളുടെ പിന്തുണയോടെ അസിം സമരം തുടങ്ങിയത്.


ഫെബ്രുവരി 15ന് കോഴിക്കോട് വെളിമണ്ണയിൽ നിന്നാണ് അസിം യാത്ര ആരംഭിച്ചത്. അസിമിന്‍റെ പരാതിയെ തുടർന്നാണ് വെള്ളിമണ്ണ എല്‍പി സ്കൂൾ യുപി ആയി ഉയർത്തിയത്. അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന വെളിമണ്ണ സ്കൂളിനെ ഹൈസ്കൂളാക്കാനുള്ള എല്ലാസംവിധാനങ്ങളും നിലവില്‍ ഉണ്ട്. സർക്കാർ അനുമതി മാത്രം മതി. വീല്‍ ചെയർ പ്രതിഷേധയാത്ര ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് എത്തിച്ചേരും. മുഖ്യമന്ത്രിക്ക് അസിം പരാതിയും നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K