21 March, 2019 04:43:20 PM


വിദ്യാർഥിയെ ശൗചാലയത്തിൽ പോകാനനുവദിക്കാതെ ക്രൂരത; സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി

കൊല്ലം: വിദ്യാർഥിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാതെ രണ്ടു മണിക്കൂറോളം പരീക്ഷാഹാളിൽ ഇരുത്തിയുള്ള അധ്യാപികയുടെ കൊടുംക്രൂരത വിവാദമായതിനെതുടര്‍ന്ന് സര്‍ക്കാര്‍ പുതിയ സർക്കുലർ പുറത്തിറക്കി. കുട്ടികള്‍ക്ക് ആവശ്യപ്പെടുന്നപക്ഷം സ്കൂള്‍ ശൌച്യാലയം ഉപയോഗിക്കുന്നതിന് സൌകര്യമൊരുക്കണമെന്നും യാതൊരുവിധ മാനസിക സംഘര്‍ഷങ്ങളും കൂടാതെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ ചീഫ് സൂപ്രണ്ട് ഉറപ്പാക്കണമെന്നുമുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി.


കൊല്ലം കടയ്ക്കലിലെ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലായിരുന്നു അധ്യാപികയുടെ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെ എസ്എസ്എൽസി പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിക്ക് പരീക്ഷ ഹാളിൽ വച്ച് വയറുവേദന അനുഭവപ്പെട്ടു. ടീച്ചറെ വിവരം അറിയിച്ച കുട്ടി ശൌചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ടീച്ചർ അതിനനുവദിച്ചില്ല. 

കരഞ്ഞു തളർന്ന് കുട്ടി ബോധംകെട്ട് ക്ലാസ്സിൽ വീണതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു. പല ആവർത്തി കുട്ടി ആവശ്യപ്പെട്ടിട്ടും കുട്ടിയെ ശൗചാലയത്തിൽ വിടാൻ തയ്യാറായില്ല. പുറത്തുനിന്നെത്തിയ സ്കൂൾ സ്റ്റാഫുകൾ ആണ് കൂട്ടി ഡസ്കിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയുടെ അടുത്തെത്തിയവർ കാര്യം തിരക്കുകയും കുട്ടിക്ക് വയറു വേദനയാണെന്ന് കുട്ടി അറിയിക്കുകയും ചെയ്തു. കുട്ടിക്ക് ബാത്റൂമിൽ പോകണം എന്ന ആവശ്യം ഇവരോട് കുട്ടി അറിയിച്ചതിനെ തുടർന്ന് ഇവർ കുട്ടിയെ ബാത്റൂമിൽ എത്തിക്കുകയും ചെയ്തു. 

കുട്ടിയുടെ വസ്ത്രങ്ങളില്‍ വിസര്‍ജ്യങ്ങള്‍ ഉണ്ടായിരുന്നത് കഴുകി ശുദ്ധിവരുത്തി ക്ലാസിലേക്ക് എത്തിച്ചപ്പോഴേക്കും പരീക്ഷാസമയം അവസാനിച്ചിരുന്നു. അധ്യാപികയുടെ ഈ അനാസ്ഥ മൂലമാണ് കുട്ടിക്ക് പരീക്ഷയെഴുതാൻ കഴിയാതിരുന്നത് എന്നും കുട്ടിയെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചിരുന്നുവെങ്കിൽ കുട്ടിക്ക് ഈ ഒരു അവസ്ഥ ഉണ്ടാകില്ല എന്നും  കുട്ടിയുടെ മാതാവ് പറഞ്ഞു

അധ്യാപികയുടെ ഈ അനാസ്ഥയ്ക്കെതിരെ കടയ്ക്കൽ പോലീസിലും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്കും കുട്ടിയുടെ രക്ഷകർത്താക്കൾ പരാതി നൽകി.  പരീക്ഷയെഴുതാൻ കഴിയാഞ്ഞത് മൂലം കുട്ടി പരാജയപ്പെടുമെന്ന ഭീതിമൂലം മറ്റാരോടും സംസാരിക്കുകയോ പഠനത്തിൽ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാത്ത അധ്യാപികയുടെ നടപടിക്കെതിരെ സ്കൂളിലും പുറത്തും വൻ പ്രതിഷേധമാണ് ഉയരുന്നത്.

- ഷാനവാസ് കൊല്ലം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K