05 March, 2019 11:06:50 AM
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തി; ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടങ്ങി
കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയെന്ന് ആരോപണം. ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിനാണ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.
ക്ഷേത്രക്കിണറ്റില്‍ നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്ക്കാവ് ഭഗവതിയ്ക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതുമാണ് ഗുരുതി ചടങ്ങുകള്‍. ഞായറാഴ്ച രാത്രിയിലായിരുന്നു ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ സംഭവം ഉണ്ടായത്.
ഗുരുതി തര്‍പ്പണം ചെയ്യല്‍ ചടങ്ങിന് മുന്‍പ് മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ തര്‍പ്പണം ചെയ്തില്ല. സംഭവത്തില്‍ രണ്ട് ജീവനക്കാരെ ജോലിയില്‍ നിന്നും ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തി. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. മേല്‍ക്കാവിലെ മേല്‍ശാന്തി ടി.എന്‍ നാരായണന്‍ നമ്പൂതിരി ഗുരുതി പൂജയ്ക്കായി എത്തിയപ്പോള്‍ ഗുരുതിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇത് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.