03 March, 2019 10:33:43 AM
രഞ്ജിത്തിന്‍റെ കൊലപാതകം; വിനീതിനെതിരെ വേറെയും കേസുകൾ
കൊല്ലം: രഞ്ജിത്തിന്‍റെ കൊലപാതകത്തിലെ പ്രതി ജയിൽ വാർഡൻ വിനീത് മുമ്പും മറ്റ് കേസുകളിലെ പ്രതി. നേരത്തെ തെക്കുംഭാഗം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടികേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയായിരുന്നു. കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച് കൊന്ന കേസിൽ ജയിൽ വാർഡൻ വിനീതിനെതിരെ അന്ന് തന്നെ രഞ്ജിത്തിന്‍റെ കുടുംബം ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത് വീടുള്ള വിനീതിനെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൌണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീർപ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിന്‍റെ അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്. അടിയേറ്റ് ആന്തരിക രക്തസ്രാവം മൂലം രഞ്ജിത്ത് മരണമടഞ്ഞ ശേഷമാണ് വിനീതിനെതിരെ പൊലീസ് കേസെടുത്തത്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെൺകുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം.