02 March, 2019 05:39:33 PM


വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവം: കേസ് ഒതുക്കാൻ ശ്രമിച്ച എസ്ഐയെ സ്ഥലം മാറ്റി



കൊല്ലം: വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ എസ്.ഐയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. ചവറ സിഐയെയാണ് കേസ് അന്വേഷണത്തിന്‍റെ ചുമതല ഇപ്പോള്‍ ഏല്‍പിച്ചിരിക്കുന്നത്. ആളുമാറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി രഞ്ജിത്ത് പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. ഈ സമയത്ത് തെക്കുംഭാഗം എസ്.ഐ  കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. 


കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്ന എസ്.ഐയുടെ ആവശ്യം രഞ്ജിത്തിന്‍റെ കുടുംബം നിരസിച്ചതോടെ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെടുന്നത്. കേസില്‍ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ രഞ്ജിത്ത് മരണപ്പെട്ട ശേഷം മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതിനൊപ്പം രഞ്ജിത്തിനെ മര്‍ദ്ദിക്കാനായി വീട്ടിലെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയെ കേസില്‍ ഇതുവരേയും പൊലീസ് പ്രതിയാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K