20 February, 2019 05:08:49 PM


അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാലമ്മയ്ക്ക് പതിനായിരങ്ങള്‍ പൊങ്കാല സമര്‍പ്പിച്ചു



തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാലമ്മയ്ക്ക് പതിനായിരങ്ങള്‍ പൊങ്കാല സമര്‍പ്പിച്ചു. നിവേദ്യത്തില്‍ പുണ്യാഹം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. കേരളത്തിന്‍റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതിമതഭേദമെന്യേ സ്ത്രീകള്‍ പൊങ്കാലയിടാന്‍ രണ്ട് ദിവസം മുമ്പ് മുതല്‍ തിരുവനന്തപുരത്ത് എത്തി തുടങ്ങിയിരുന്നു. ട്രയിനുകളിലും ബസുകളിലും അഭൂതപൂര്‍വ്വമായ തിരക്കും അനുഭവപ്പെട്ടു. ഇപ്പോള്‍ എല്ലാവരും തിരിച്ചുപോകുന്നതിന്‍റെ തിരക്കിലാണ്. പ്രധാന വീഥികളിലെല്ലാം വന്‍ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. പതിവ് പോലെ ഒട്ടേറെ വിദേശവനിതകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഇക്കുറിയും എത്തി.



മൈതാനങ്ങളെ യാഗശാലയാക്കി മുംബൈയിലും പൊങ്കാല


മുംബൈ: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയില്‍ പ്രത്യേകം തയാറാക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകര്‍ന്ന സമയത്ത് തന്നെയാണ് മുംബൈയിലും അതേ ചിട്ട വട്ടങ്ങളോടെ തിരി പകര്‍ന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോയി പൊങ്കാലയിടുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് നഗരത്തില്‍ സംഘടിപ്പിച്ച പൊങ്കാല മഹോത്സവങ്ങള്‍ അനുഗ്രഹമായി. വിശ്വാസത്തിന്റെ അഗ്നിയില്‍ മനസര്‍പ്പണത്തിന്റെ നൈവേദ്യം പാകപ്പെട്ടു തുടങ്ങിയതോടെ ആയിരങ്ങള്‍ ഭക്തി നിര്‍വൃതിയില്‍ ആറാടി. 


നൂറു കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയും സമര്‍പ്പണവും ഒത്തു ചേര്‍ന്നപ്പോള്‍ മഹാനഗരത്തിലെ മൈതാനങ്ങളും യാഗശാലയായി മാറി. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ വിവിധ പ്രായക്കാരും ഭാഷക്കാരുമായ സ്ത്രീജനങ്ങള്‍ ഒരേ മനസോടെയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ചത്. മനസിന് ലഭിക്കുന്ന സന്തോഷവും സമാധാനവുമാണ് പൊങ്കാല സമര്‍പ്പിക്കാന്‍ ഇവരെയെല്ലാം ഇവിടെയെത്തിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K