08 February, 2019 09:07:09 AM
ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്: വിദഗ്ദ്ധസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം ഇന്ന് നൂറ് ദിവസം പിന്നിടുന്നു. അതേസമയം ഖനനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വർഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് നല്‍കാനാണ് സർക്കാർ നിയോഗിച്ച സെസ്സിലെ ശസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനം.
രണ്ടാഴ്ചക്കുള്ളില്‍ സംഘം ആലപ്പാട് എത്തും. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് ഖനനം മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും സമിതി പരിശോധിക്കും. ഇതിന് മുൻപ് വിവിധ സമിതികളുടെ പഠന റിപ്പോർട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോർട്ട് നല്‍കുക. അതേസമയം പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്നും വിശദമായ പഠന റിപ്പോർട്ട് വൈകരുതെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരത്തിന്‍റെ നൂറാം ദിവസമായ ഇന്ന് ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതല്‍ നിരാഹാര സമരം തുടങ്ങും അതിന് ശേഷം പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉപവാസ സമരം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.