07 February, 2019 08:28:26 PM
ചാവറ അച്ചന്‍റെ 'അനസ്താസ്യയുടെ രക്തസാക്ഷ്യം' നാടകമായി ആവിഷ്കരിക്കപ്പെടുന്നു
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ 214-ാമത് ജന്മദിനം, 'ചാവറ ജയന്തി' മാന്നാനം കെ.ഇ. സ്‌കൂളില്‍ ഫെബ്രുവരി 10ന് വൈകിട്ട് 5.00 മണിക്ക് ആഘോഷിക്കും. സി.എം.ഐ. സഭയുടെ തിരുവനന്തപുരം പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അദ്ധ്യക്ഷതയില്‍ പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, ഡോ. സി.വി. ആനന്ദബോസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. ബി. ഇക്ബാല്‍, വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍, പി.യു. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ചാവറ അച്ചന്‍ രചിച്ച മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യമായ 'അനസ്താസ്യയുടെ രക്തസാക്ഷ്യത്വത്തിന്‍റെ' നാടകാവിഷ്‌കാരവും, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് മീഡിയ & കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്്മെന്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 'കര്‍മ്മസാഗരം' എന്ന സിനിമയുടെ ചിത്രീകരണ ഉദ്ഘാടനവും നടക്കും. കുര്യാക്കോസ് ഏലിയാസ് അച്ചന്‍ 1862 ല്‍ രചിച്ച 'അനസ്താസ്യയുടെ രക്തസാക്ഷ്യം' എന്ന ഖണ്ഡകാവ്യത്തിന്‍റെ നാടകാവിഷ്‌കാരം വര്‍ഷങ്ങളായി കേരള അമച്വര്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കു ആര്‍.എസ്.മധുവും കൂട്ടരും ഉള്‍പ്പെടുന്ന തിരുവനന്തപുരം കലയാണ് അവതരിപ്പിക്കുന്നത്.
സി.എം.ഐ. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സിന്‍റെ വിദ്യാഭ്യാസ മാധ്യമ വകുപ്പിന്‍റെ കൗണ്‍സിലറും, കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ.ജെയിംസ് മുല്ലശ്ശേരിയാണ് നാടകത്തിന്‍റെ നിര്‍മ്മാണം. ചാവറ കലാനിലയം മുന്‍ ഡയറക്ടറായ ഫ്രാന്‍സീസ് വള്ളപ്പുരയുടെ സഹകരണം ഈ നാടക അവതരണത്തില്‍ ഏറെ സഹായകമായി. ചാവറയച്ചന്‍റെ എഴുത്തും അവതരണ ശൈലിയും ഈ നാടകത്തിലൂടെ പുനര്‍സൃഷ്ടിക്കപ്പെടുകയാണ്.