07 January, 2019 12:31:10 AM
അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം
ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ വി.സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 19 മുതല്‍ ഫെബ്രുവരി 1 വരെ തീയതികളില്‍ നടക്കും. 24, 25 തിയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
ജനുവരി 19ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാ.സിറിയക് കോട്ടയിൽ തിരുനാളിന് കൊടികയറ്റും. വൈകിട്ട് 4.30ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന ഇവയെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടക്കും. 5ന് സ്പിന്നിംഗ് മില്ലില്‍ നിന്നും കഴുന്ന് പ്രദക്ഷിണം, 20-ാം തീയതി രാവിലെ 5.45ന് തിരുനാള്‍ കുര്‍ബാന, 7.15ന് തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, കഴുന്നു വെഞ്ചരിപ്പ്, ദേശക്കഴുന്ന് വിതരണം,9ന് ആഘോഷമായ ജൂബിലി തിരുനാള്‍ കുര്‍ബാന, 5ന് കിഴക്കുംഭാഗത്തിന്റെ കഴുന്ന് പ്രദക്ഷിണം എന്നിവ നടക്കും.
21-ാം തീയതി 5.45ന് തിരുനാള്‍ കുര്‍ബാന, 7.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വൈകിട്ട് 5ന് വടക്കുംഭാഗത്തിന്‍റെ കഴുന്നു പ്രദക്ഷിണം, 22 -ാം തീയതി രാവിലെ 5.45ന് തിരുനാള്‍ കുര്‍ബാന, വൈകിട്ട് മൂന്നിന് ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന, 5ന് പടിഞ്ഞാറ്റും ഭാഗത്തിന്‍റെ കഴുന്നു പ്രദക്ഷിണം, 23-ാം തീയതി രാവിലെ 5.45ന് തിരുനാള്‍ കുര്‍ബാന, വൈകിട്ട് 3ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 5ന് തെക്കുംഭാഗത്തിന്‍റെ കഴുന്നു പ്രദക്ഷിണം എന്നിവയാണ് പ്രധാന പരിപാടികള്‍.
ജനുവരി 24നാണ് പ്രസിദ്ധമായ നഗരം ചുറ്റി പ്രദക്ഷിണവും വെടിക്കെട്ടും. 9.30ന് ചെറിയ പള്ളിയിൽ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. വൈകിട്ട് 4.15ന് ഇടവകക്കാരായ വൈദികര്‍ സമൂഹബലി അര്‍പ്പിക്കും. 5.45ന് വലിയ പള്ളിയില്‍ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം 6.30ന് ടൗണ്‍ കപ്പേളയില്‍ എത്തി ലദീഞ്ഞ് നടക്കും. 7ന് വലിയ പള്ളിയില്‍ നിന്നും രണ്ടാമത്തെ പ്രദക്ഷിണം പുറപ്പെടും. 7.15ന് ഇരുപ്രദക്ഷിണങ്ങളും ഒന്നിച്ച് വലിയപള്ളിയിലേക്ക് നീങ്ങും. 8.30ന് സമാപന പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം 8.45ന് പ്രസിദ്ധമായ വെടിക്കെട്ട് ആരംഭിക്കും.
ജനുവരി 25ന് രാവിലെ 5.45ന് ആഘോഷമായ വി. കുര്‍ബാന, 10.30ന് ആഘോഷമായ റാസ, ഉച്ചകഴിഞ്ഞ് 2ന് വി. കുര്‍ബാന, 4ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 5.30ന് തിരുനാള്‍ പ്രദക്ഷിണം. 26ന് രാവിലെ 7.15ന് ആഘോഷമായ വി. കുര്‍ബാന, 9.15ന് ആഘോഷമായ തമിഴ് കുര്‍ബാന, വൈകിട്ട് 6.15ന് ആഘോഷമായ വി. കുര്‍ബാന എന്നിവയാണ് പരിപാടികള്‍.
27 മുതല്‍ 31 വരെ തീയതികളില്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, ആഘോഷമായ വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നീ കര്‍മ്മങ്ങള്‍ നടക്കും. ഫെബ്രുവരി 1നാണ് എട്ടാമിടം. രാവിലെ 5.45ന് വി. കുര്‍ബാന - മാർ ജേക്കബ് മുരിക്കൻ, 9ന് ആഘോഷമായ തിരുനാൾ കുര്‍ബാന, 11ന് സുറിയാനി വി. കുര്‍ബാന, വൈകിട്ട് 5.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രസംഗം, പ്രദക്ഷിണം. 7.30ന് വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുന:പ്രതിഷ്ഠിക്കല്‍ 8ന് ആകാശ വിസ്മയം എന്നിവയാണ് പരിപാടികള്‍.
തിരുനാൾ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം അഡ്വ.കെ സുരേഷ് കുറുപ്പ് എം എൽ എയുടെ അധ്യക്ഷതയില്‍ നടന്നു. ജോസ് കെ മാണി എം.പി., ജില്ലാ കളക്ടർ ഡോ.സുധീര്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ആർ ഡി ഓ ഇഷാ പ്രിയ, ഡിവൈഎസ്പിമാരായ പാർത്ഥസാരഥി, ശ്രീകുമാർ, ജില്ലാപഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേരികുട്ടി സെബാസ്റ്റ്യൻ, തോമസ് ചാഴിക്കാടൻ, സിഐ എ.ജെ.തോമസ്, ഫാ.സിറിയക് കോട്ടായില്‍ തുടങ്ങിയവർ സംബന്ധിച്ചു.