23 February, 2016 11:33:07 PM


ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ ആറ്റുകാല്‍ പൊങ്കാല


തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല ഉത്സവമായി ആറ്റുകാലില്‍ കൊണ്ടാടുന്നത്. കുംഭമാസത്തിലെ കത്തിജ്വലിക്കുന്ന സൂര്യന് താഴെ അടുപ്പ് കൂട്ടി പൊങ്കാലയര്‍പ്പിച്ച് ആത്മ നിര്‍വൃതി നേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരെ ഭക്തര്‍ തലസ്ഥാനനഗരിയില്‍ എത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 10മണിക്ക് ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക്  കൈമാറി. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിച്ച് മേല്‍ശാന്തി സഹമേല്‍ശാന്തിക്ക് ദീപം കൈമാറി.ഇവര്‍ അമ്പലമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ ദീപം പകര്‍ന്നു.

തുടര്‍ന്ന് അഗ്നി കൈമറിഞ്ഞ്  കൈമറിഞ്ഞ് വിവിധ അടുപ്പുകളിലേയ്ക്ക്. അമ്മേ നാരായണ ദേവി നാരായണ മന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ തലസ്ഥാന നഗരി ഞൊടിയിടയ്ക്കുള്ളില്‍ ഒരു യാഗവേദിയായി മാറി. ഉച്ചകഴിഞ്ഞ്1.30ന് പൊങ്കാല നേദിച്ചു. നാനൂറോളം ശാന്തിമാര്‍ പൊങ്കാല അടുപ്പുകളില്‍ നേരിട്ടെത്തി പുണ്യാഹം തളിച്ചതോടെ ഭക്തര്‍ ആത്മനിര്‍വൃതിയടഞ്ഞു.


വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സിനിമാ താരങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വലിപ്പ ചെറുപ്പ വ്യത്യാസങ്ങളില്ലാതെ പൊങ്കാല സമര്‍പ്പണത്തിന് എത്തിയിരുന്നു. എ.കെ. ആന്‍റണിയുടെ ഭാര്യ എലിസബത്ത് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കുറിയും എത്തിയിരുന്നു. ഗവര്‍ണര്‍ പി.സദാശിവത്തിന്‍റെ ഭാര്യ സരസ്വതി, മന്ത്രിമാരായ കെ.പി മോഹനന്‍റെ ഭാര്യ ഹേമജ, കെ.ബാബുവിന്‍റെ ഭാര്യ ഗീത, വി.എസ് ശിവകുമാറിന്‍റെ ഭാര്യ സിന്ധു, മഹിളാകോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ, തമിഴ് ചലച്ചിത്ര നടന്‍ ഭാഗ്യരാജിന്‍റെ ഭാര്യ കീര്‍ത്തി, മകന്‍ ശന്തനു, സുരേഷ്ഗോപിയുടെ മകന്‍ മാധവ്, ചലച്ചിത്ര - സീരിയല്‍ താരങ്ങളായ ചിപ്പി, പാര്‍വ്വതി, ആനി, വിധു ബാല, ആശാ ശരത്, അപര്‍ണ നായര്‍, ജലജ, സോനാ നായര്‍, അംബികയുടെ സഹോദരി രാധ, സുധാ നായര്‍, കാര്‍ത്തിക, ഗായിക രാജലക്ഷ്മി തുടങ്ങി ഒട്ടേറെ പേര്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K