03 February, 2016 02:02:50 PM
വികലാംഗനായ ബ്ലോക്ക് സെക്രട്ടറിയെ മുന്‍ വനിതാ മെമ്പര്‍ പൂട്ടിയിട്ടു
കൊട്ടാരക്കര : കുടിവെള്ളപദ്ധതി നടപ്പാക്കിയില്ലെന്ന് ആരോപിച്ചു വികലാംഗനായ ബ്ലോക്ക് സെക്രട്ടറിയെ മുന്‍ വനിതാ ബ്ലോക്ക് മെമ്പര്‍ പൂട്ടിയിട്ടു. കൊട്ടാരക്കര ബ്ലോക്ക് സെക്രട്ടറി നീലകണ്‌ഠപ്രസാദ്, ജോയിന്റ് ബി.ഡി.ഒ. ഗീതാകുമാര്‍ എന്നിവരെയാണു മുന്‍ ബ്ലോക്ക് മെമ്പര്‍ ആര്‍. ഗിരിജാകുമാരി പൂട്ടിയിട്ടത്. സെക്രട്ടറിയും ജോയിന്റ് ബി.ഡി.ഒയും ഓഫീസ് മുറിയില്‍ ഇരുന്നു ഫയല്‍ തയാറാക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ 10.30നു സെക്രട്ടറിയുടെ മുറിയിലെത്തിയ ഗിരിജാകുമാരി ഓഫീസില്‍ കുത്തിയിരുന്നു. ഉച്ചയ്‌ക്കു 12.30 വരെ ഉപരോധം തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ ബ്ലോക്ക് പ്രസിഡന്റ് എസ്. ശശികുമാറാണ് സെക്രട്ടറിയെ മോചിപ്പിച്ചത്.
ഗിരിജാകുമാരി കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ലക്ഷംവീട് കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നയിരുന്നു ആവശ്യം. 2015-16 വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം നേടിയ പദ്ധതിക്ക് അഞ്ചുലക്ഷം രൂപ വകയിരുത്തിയിരുന്നതായി ഗിരിജാകുമാരി പറയുന്നു. ബ്ലോക്ക് പ്രസിഡന്റ് ശശികുമാര്‍, സെക്രട്ടറി, കൊട്ടാരക്കര എസ്.ഐ ബെന്നിലാല്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് ഉറപ്പു ലഭിച്ചതോടെയാണു സമരത്തില്‍നിന്നും ഗിരിജാകുമാരി പിന്‍മാറിയത്.
ഇതിനിടെ ഗിരിജാകുമാരി ഫയലുകള്‍ തട്ടിയെടുത്തതായി പരാതയും ഉയര്‍ന്നു.