29 July, 2017 10:01:03 PM
നിറയും പുത്തരിയും ഞായറാഴ്ച; ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പൂജകള്‍ 5.30ന് മുമ്പ്
ഏറ്റുമാനൂര്‍: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ഞായറാഴ്ച. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ അഞ്ചരയ്ക്കും 6.10നും ഇടയ്ക്കാണ് നിറയും പുത്തരിയും ചടങ്ങ്. രാവിലെ 4ന് നിര്‍മ്മാല്യദര്‍ശത്തിനു ശേഷം അഭിഷേകവും പൂജകളുമെല്ലാം അഞ്ചര മണിയ്ക്ക് മുമ്പ് അവസാനിപ്പിക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ നെല്‍കതിരുകള്‍ ആനപുറത്ത് എഴുന്നള്ളിക്കും. മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പത്ത് മണിയോടെ നട അടയ്ക്കും.
കൊയ്ത്ത് കഴിഞ്ഞു നെല്ല് അറയില്‍ ഇടുന്ന ചടങ്ങാണ് നിറ. മുഹൂര്‍ത്തം നോക്കി വേണമെന്നാണ് വിധി. വിളഞ്ഞു കിടക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പൂജിച്ച് അറയില്‍ നിറയ്ക്കുന്ന ചടങ്ങിന് ഇല്ലം നിറ എന്നും പറയുന്നു. നിറപറ വെക്കുന്നതിന്റെ അടിസ്ഥാനതത്ത്വം 'നിറ' യില്‍ ഒളിഞ്ഞു കിടക്കുന്നു. നെല്‍ക്കതിരിന്‍റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ്, കാഞ്ഞിരം, കടലാടി, മുക്കുറ്റി, ശംഖുപുഷ്പം, മഞ്ഞള്‍ എന്നിവയുടെ ഇലകളും ചെറുചില്ലകളും ഇല്ലംനിറയ്ക്കായി ഒരുക്കി വെക്കാറുണ്ട്. പുതിയ അരി (പുന്നെല്ലരി) ആദ്യമായി ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്.
ഗുരുവായൂര്‍ തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ചടങ്ങിനുള്ള നെല്‍കതിരുകള്‍ എത്തിക്കുന്നത് കുന്നംകുളത്തിനടുത്ത് പഴുങ്ങാന എന്ന സ്ഥലത്തുനിന്നാണ്. നിറയും പുത്തരിയും ചടങ്ങിന് ക്ഷേത്രങ്ങളിലേക്ക് മാത്രമായി നാല് ഏക്കറിലധികം വരുന്ന പാടത്ത് പ്രത്യേക കൃഷിയാണിവിടെ നടക്കുന്നത്. ഇവിടെ നിന്നാണ് ഏറ്റുമാനൂര്‍, തിരുനക്കര, വൈക്കം, കടുത്തുരുത്തി, എരുമേലി, ചെറുവള്ളി, ളാലം, കൊടുങ്ങൂര്‍ തുടങ്ങി ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും നെല്‍ക്കതിര്‍ എത്തിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി മൂവായിരത്തിലധികം കതിര്‍കെട്ടുകളാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ തയ്യാറാക്കിയിട്ടുള്ളത്.